Pages

ഞാന്‍

My photo
Kannur, kerala, India
തിരൂര്‍ക്കാരി. കണ്ണൂരില്‍ താമസം. അധ്യാപിക

Tuesday, May 28, 2013

പെണ്ണ്

അബലയെന്നോതിയിന്നരുതുകൾ കൊണ്ടെന്റെ
അതിരുകൾ തീർക്കല്ലെ നിങ്ങൾ
വരികെന്നു ചൊല്ലി വിളിക്കുന്നു പുലരികൾ
തരികെന്റെ ചിറകുകൾ തിരികെ ,
തരികെന്റെ ചിറകുകൾ തിരികെ !

പുരുഷന്റെ പാതി ഞാൻ , പ്രകൃതി , ഉയിർ  തന്നൊ -
രമ്മ , ആദ്യാക്ഷരമായവൾ
ഉടലിന്റെ  പൊരുളറിഞ്ഞിണ ചേർന്നു , കാലമാം
തേരിന്റെ ചക്രം തിരിച്ചവൾ !
പുരുഷന്റെ ഒരു വെറും നിഴലല്ല , തോളോടു
തോൾ ചേർന്നു നിന്നവൾ പെണ്ണ് !
അന്നവും വസ്ത്രവും അധ്വാന ഭാരവും
ജീവനും പങ്കിട്ട പെണ്ണ്!

ഇതു ചരിത്രത്തിന്റെ വികൃതി , പെണ്ണിന്നെ
അടിമയായ് മാറ്റിയ നിയതി !
മാനവ സംസ്കൃതി തന്റെ വഴികളിൽ
മാപ്പു നൽകാത്തൊരനീതി !

പൊന്നിന്റെ പൊങ്ങച്ചമല്ല , പട്ടിൻ പകി -
ട്ടല്ല മോഹിക്കുന്നു പെണ്ണ്
ഉടലിന്നു മറതീർക്കുമൊരു തുണ്ടു ചേലയും
ഒരു കുടക്കീഴിന്റെ തണലും !
ഒളിനോട്ടമില്ലാത്ത പകലും , ഭീതിതൻ
നിഴലുകളനങ്ങാത്തൊരിരവും ,
ഒരു നൂറു കനവിന്റെ  തിരികൾ തെളിക്കുവാൻ
ഒരു കൊച്ചു കൈത്തിരി നാളവും .

നാട്ടുവഴികളിൽ , ഓടുന്ന വണ്ടിയിൽ
വീട്ടിന്നകങ്ങളിൽ , വിദ്യാലയങ്ങളിൽ
ഇരതേടിയെത്തുന്ന കഴുകന്നു മുന്നിലേ -
ക്കെറിയല്ലെ  ഇനിയൊരു മകളെയൊരിക്കലും !

ഇനിമേലിൽ നൽകില്ല വാണിഭച്ചന്തയിൽ
വിലപേശി  വിൽക്കുവാനൊരു പെണ്‍ ശരീരവും ...
ഇനി നമ്മളുണരണം , കൈകോർത്തുയർത്തണം
പെണ്ണിന്റെ  മാനങ്ങൾ കാക്കുന്ന കോട്ടകൾ ......!

പെണ്ണാണിവൾ , മൃഗമല്ലെന്നു കാണുവാൻ
ആണായ മക്കൾക്കു കണ്ണുകൾ നൽകുവിൻ ;
അന്യന്റെ പെണ്ണിന്റെ അന്തസ്സു കാക്കുവാൻ
നെഞ്ചുറപ്പുള്ളൊരാണ്‍ മക്കളോടോതുവിൻ ......!

"യത്ര നാര്യസ്തു പൂജ്യന്തേ ,
രമന്തേ തത്ര ദേവതാ :"

[ഈ കവിതയുടെ ഗാനാവിഷ്കാരം കേൾക്കൂ:https://www.youtube.com/watch?v=wD_Ii9AVm_w ]

Friday, April 5, 2013

വിശ്വാസം .. അതല്ലേ എല്ലാം!

വർഷങ്ങൾക്കുമുമ്പ് ഒരു വിവാഹ വീട്ടിലെ വൈകുന്നേരം .വരൻ വധുവിനെയും കൂട്ടി വന്നെത്തുന്നതിനു എല്ലാവരും ആകാംക്ഷയോടെ കാത്തു നിൽക്കുന്ന സമയം . വധുവിന്റെ തൊലി നിറവും , അവളുടെ പട്ടുസാരിയുടെ പ്രൌഡിയും അണിഞ്ഞിരിക്കുന്ന പൊന്നിന്റെ തൂക്കവും നോക്കി അഭിപ്രായം പാസാക്കാൻ മിനക്കെട്ടു നിൽക്കുന്ന ജനക്കൂട്ടം. വരന് പിറകെ വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയ വധുവിനെ കണ്ടവർക്ക് ഒരു നിമിഷം ശ്വാസം നിലച്ചു. പിന്നെ "അയ്യേ .... മാഷായിട്ട് ഇങ്ങനത്തെ പെണ്ണിനെയാ കിട്ടിയത് .......!!" എന്ന നിരാശ കലർന്ന ഒരു പ്രസ്താവന എവിടെനിന്നോ അന്തരീക്ഷത്തിലേക്ക് പടർന്നു . അത് കേട്ടു ഊറിവന്ന ചിരി അടക്കിക്കൊണ്ട്‌ വധു ഗൃഹപ്രവേശം നടത്തി .

പ്രസ്തുത വധു ഒരു വികലാംഗയോ വിരൂപയോ ആണെന്നു സംശയിക്കാൻ വരട്ടെ . അവൾ കാതിലും കഴുത്തിലും കൈത്തണ്ടയിലും ഒരു തരി പൊന്നുപോലും അണിഞ്ഞിരുന്നില്ല എന്നതാണ് ജനത്തെ അമ്പരപ്പിച്ച വസ്തുത . അങ്ങനെ ഒരു വിവാഹം അവർ ആദ്യമായി കാണുകയായിരുന്നു .


സംശയിക്കേണ്ട ,വധു ഈ ഞാൻ തന്നെ !

പെണ്ണായാൽ പൊന്നു വേണം എന്ന പൊതു ധാരണ തിരുത്തിക്കൊണ്ടാണ് ഞങ്ങൾ നാല് സഹോദരിമാരും ജീവിതം പിന്നിട്ടത് . വിവാഹ വേളയിലും ആ നിലപാടിൽ ഉറച്ചു നിന്നു . ആഭരണത്തിന്റെ തിളക്കമില്ലാതെ തന്നെ ജീവിത പങ്കാളികളെ നേടിയപ്പോൾ , എന്തിനും കുറ്റം കണ്ടെത്തുന്ന ജനം പറഞ്ഞു: "ലാഭം!"

ഇന്നും ഞങ്ങളുടെ ജീവിതത്തിൽ പൊന്ന് ഒരു ചമയ വസ്തുവല്ല. അതുകൊണ്ടാവാം വിവാഹ ശേഷം എൻറെ ജീവിത പങ്കാളിയുടെ 80 വയസ്സു കഴിഞ്ഞ അമ്മൂമ്മയുടെ ആഗ്രഹ പ്രകാരം ഒരു താലി കെട്ടിനു ശിരസ്സു കുനിച്ചു കൊടുക്കുമ്പോഴും , ആ വിശ്വാസത്തിനു കോട്ടം തട്ടിയതായി എനിക്കു തോന്നാതിരുന്നത് !


അല്ലെങ്കിലും , വിശ്വാസങ്ങൾ അങ്ങനെയാണല്ലോ ചിലപ്പോഴെല്ലാം നമ്മെ പരീക്ഷിക്കുന്നത് !!

Thursday, February 21, 2013





മുരിക്കഞ്ചേരി  കേളുവും മൂന്നു ചരിത്രാന്വേഷകരും 

                                                    ആരാണീ മുരിക്കഞ്ചേരി  കേളു? ഉറുമി എന്ന  സിനിമയില്‍ പൃഥ്വിരാജ് നടിച്ച കഥാപാത്രംഎന്ന് പരിചയപ്പെടുതുന്നതായിരിക്കും എളുപ്പം. പക്ഷെ ചരിത്രം വളച്ചൊടിച്ച ആ സിനിമക്കും അപ്പുറത്ത് മുരിക്കഞ്ചേരി കേളു എന്ന വീര ഭടനെ അറിയുന്നവര്‍ ചുരുക്കം. 
അവഗണിക്കപ്പെട്ടു  കിടക്കുന്ന  അദ്ദേഹത്തിന്റെ  കല്ലറയില്‍ മൂന്നു ചരിത്ര കുതുകികള്‍ നടത്തിയ ഒരു സാഹസിക സന്ദര്‍ശനമാണ് ഇനിയങ്ങോട്ടുള്ള വിവരണം. ചരിത്രത്തിലും സാഹസികതയിലും താല്പര്യം ഇല്ലാത്തവര്‍ക്ക് വേറെ പേജ് നോക്കാവുന്നതാണ് .

ചരിത്രാന്വേഷക നമ്പര്‍          1:                 നവനീത, വയസ്സ് 14 
ചരിത്രാന്വേഷക(ന്‍ ) നമ്പര്‍ 2:           വിഹായസ് , വയസ്സ് 11 
ചരിത്രാന്വേഷക നമ്പര്‍        3 :          ഞാന്‍            

ലൊക്കേഷന്‍ : പയ്യാമ്പലം ബീച്ച് പരിസരം  , കണ്ണൂര്‍ 
തിയ്യതി : 2013 ജനുവരി 27

                                              ഫ്ലാഷ് ബാക്ക് : 16-)o  നൂറ്റാണ്ടില്‍ ചിറക്കല്‍ രാജാവിന്‍റെ  പടനായകനായിരുന്നു  മുരിക്കഞ്ചേരി കേളു  നായനാര്‍ . വാസ്കോ ഡ ഗാമയോട് കടുത്ത ശത്രുതയിലായിരുന്നു  അദ്ദേഹം . ചിറക്കല്‍ സ്വരൂപവുമായുള്ള  ഗാമയുടെ ബന്ധത്തിന്  എതിരുനിന്നയാള്‍ .
1524ല്‍ മലേറിയ പിടിപെട്ടാണ്  ഗാമ മരിച്ചതെന്ന് ചിലരും , അതല്ല കേളുവുമായുള്ള  ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതാണെന്ന്  ഉറുമി  സിനിമയും പറയുന്നു. അതെന്തായാലും , മുരിക്കഞ്ചേരി കേളുവിന്‍റെ അന്ത്യവും വീരോചിതമായിരുന്നു . പയ്യാമ്പലത്ത്  ഏഴടി  നീളമുള്ള  ഒരു കല്ലറയിലാണ് ആ  ചരിത്രപുരുഷന്റെ  നിത്യ നിദ്ര . ആറടി നീളമുണ്ടായിരുന്ന  കേളു  നായനാര്‍, ഒരടി  നീളമുള്ള  വാള്‍  പിടിച്ചു കൈ മുന്നോട്ടു നീട്ടി  കിടന്ന അതേ അവസ്ഥയിലാണത്രേ അടക്കം ചെയ്യപ്പെട്ടത് . ഈ പുരാതന കല്ലറ  ഇപ്പോള്‍ അറിയപ്പെടാതെ കാടുമൂടി  മറഞ്ഞു കിടക്കുകയാണ് - ഇത്രയുമാണ് ഞാന്‍ കേട്ടറിഞ്ഞ ചരിത്രത്തിന്റെ ചുരുക്കം .

അന്ന് തൊട്ടു  തുടങ്ങി, ആ കല്ലറ ഒന്ന് കാണാന്‍  അതിയായ  കൌതുകം . ഓരോ  തവണയും  പയ്യാമ്പലം ബീച്ചില്‍  പോകുമ്പോള്‍  അതിനായി ആഗ്രഹം പ്രകടിപ്പിക്കാറുണ്ടെങ്കിലും  ഇത് വരെ നടന്നില്ല . ഇന്ന് രണ്ടും കല്‍പ്പിച്ചു ടൂ വീലറും എടുത്തു ഒരുങ്ങിഇറങ്ങി .  

    പയ്യാമ്പലത്താണെങ്കില്‍  ശവ കുടീരങ്ങള്‍ക്ക് ഒരു പഞ്ഞവുമില്ല ! പലപല  കൊടിക്കീഴിലായി  പരേതര്‍ അങ്ങനെ  നിരന്നു കിടന്നു നമ്മളെ കാണുകയാണ്!!! ഈ പ്രളയത്തിനിടയില്‍ ഒരു പാര്‍ടിയിലും പെടാത്ത  കേളു  നായനാരെ  അവകാശപ്പെടാന്‍ ആരുണ്ട്‌? 

             എങ്കിലും ചരിത്രാന്വേഷണം അങ്ങനെ പെട്ടെന്നു  നിര്‍ത്താന്‍ പറ്റുന്നതല്ലല്ലോ .

അന്വേഷണത്തിനൊടുവില്‍ അറിഞ്ഞു, ശ്മശാനത്തിന്  ഉള്ളിലല്ല , പുറത്തു റോഡരികില്‍ എവിടെയോ ആണ് ആ പുരാതന കല്ലറ എന്ന്. അതിനടുത്തായി ഒരു ആല്‍ത്തറയും കാണാമത്രെ . അന്വേഷണം പിന്നെയും നീണ്ടു. ഒടുവില്‍ ആല്‍ത്തറ കണ്ടു പിടിച്ചു. അതിനടുത്തു വണ്ടി നിര്‍ത്തി , തൊട്ടടുത്ത വളപ്പില്‍ കണ്ട  ഒരു വീട്ടുകാരിയോട്  തിരക്കി. ആവശ്യം അറിഞ്ഞപ്പോള്‍ അവരുടെ മുഖത്ത് വിരിഞ്ഞ വികാരം വിവരണാതീതം ! , ഡ്രാക്കുളക്കോട്ട  അന്വേഷിച്ച  ജോനാതനെ  അന്നാട്ടുകാര്‍  നോക്കിയ അതേ നോട്ടത്തോടെ അവര്‍ ചോദിച്ചു :" നിങ്ങള്‍ അപ്പൊ  കേളുവിന്റെ കല്ലറ കാണാന്‍ പോകാന്‍ തന്നെ തീരുമാനിച്ചോ ?" "എന്തേ , വല്ല പ്രശ്നവും ഉണ്ടോ " എന്ന് ഞാന്‍ ."ഒന്നുമില്ല, ഞാന്‍ പത്തു പതിനെട്ടു കൊല്ലമായി ഇവിടെ . ഇതുവരെ  ആ  കല്ലറ നില്‍ക്കുന്ന  കുന്നിന്‍പുറത്ത് പോയിട്ടില്ല. നിങ്ങള്‍ പോകുന്നതൊക്കെ കൊള്ളാം . പക്ഷെ അവിടെ അത്ര നല്ല  സ്ഥലമല്ല..."

അവര്‍ വീട്ടിനുള്ളിലേക്ക് കയറിപ്പോയി . ചരിത്രാന്വേഷകര്‍  മിണ്ടാതെ  മുഖത്തോട് മുഖം നോക്കി , പുരികം കൊണ്ട് ആശയവിനിമയം നടത്തി. ഒടുവില്‍ വണ്ടി തിരിച്ചു. 

            കല്ലറ നില്‍ക്കുന്ന സ്ഥലം  റോഡില്‍ നിന്ന്  കുറച്ചു ഉയരത്തിലാണ് . കയറാന്‍  പടികള്‍ ഒന്നുമില്ല. മരത്തിന്റെ വേരുകളില്‍ പിടിച്ചു  ഒരു വിധം വലിഞ്ഞു  മുകളിലോട്ടു കയറി.  കരിയില വീണു മൂടിയും കാട് പിടിച്ചും കിടക്കുന്ന  വീതി  കുറഞ്ഞ നടവഴിയിലൂടെ മുന്നോട്ട് . കാലില്‍ പിടിച്ചു നിര്‍ത്തുന്ന കാട്ടു വള്ളികള്‍  .ഒടുവില്‍  കുറുകേയുള്ള  ഇടിഞ്ഞു പൊളിഞ്ഞ  ഒരു നീണ്ട മതിലിനടുത്ത് വഴി അവസാനിച്ചു . കല്ലറ പോയിട്ട് കറ  പോലും കാണാനില്ല!

. ചുറ്റും തിരഞ്ഞു. അപ്പോഴാണ്‌  ചരിത്രാന്വേഷക നമ്പര്‍ 1 ന്റെ നീട്ടിയ കൂവല്‍  കേട്ടത്. പെങ്കൊച്ചിനെ വ ല്ല ഇഴജന്തുവും കടിച്ചോ, അതോ  കേളുവിന്റെ പ്രേതം  വന്നു കൂടിയോ എന്ന് ചോദിയ്ക്കാന്‍ ഒരുങ്ങുമ്പോഴേക്കും  അവള്‍ വിരല്‍ ചൂണ്ടി- ആ മതിലിനു ഒത്ത നടുക്കായി  ഒരു ചെറിയ ഓട്ടു    വിളക്ക് .

 അപ്പോള്‍ ഇത് താന്‍ മുരിക്കഞ്ചേരി കേളുവിന്റെ  കല്ലറ !!! ആ വിളക്കല്ലാതെ മറ്റൊരു അടയാളവും ഇല്ല , അതൊരു കല്ലറയാണ് എന്നു മനസ്സിലാക്കാന്‍  .

 ഞങ്ങള്‍ ആ മഹാ പുരുഷന്‌ പ്രണാമം അര്‍പിച്ചു തിരിച്ചിറങ്ങി 

 അങ്ങനെ ആ സാഹസിക യാത്ര  ലക്ഷ്യം  കണ്ടതിന്റെ സന്തോഷത്തിലാണ് ഈ മൂന്നു വിനീത  ചരിത്രാന്വേഷകര്‍ . 

 മുരിക്കഞ്ചേരി കേളു  നായനാര്‍  കാത്തിരിക്കുന്നു  അടുത്ത സന്ദര്‍ശകരെ . അത് നിങ്ങളാണോ?

Thursday, December 13, 2012

വളപട്ടണം  പുഴ

വളപട്ടണം  പുഴ നിളയല്ല ,പെരുമയുടെ 
കോലായയില്‍  നിനക്കിടമില്ല , നിന്‍ പേര്
പന്തിരുകുലത്തിന്റെ നാള്‍വഴിയിലുള്‍ച്ചേര്‍ത്ത്
പല നാട്ടുശീലിന്റെ വാമൊഴിയില്‍ ചാലിച്ച് 
പകയുടെ , കരുത്തിന്റെ , ചോരയുടെ ചൂരുള്ള
കഥകള്‍ മെനഞ്ഞു കാറ്റത്തിടാനാളില്ല !

നിന്റെയുടലിന്‍ തളര്‍ച്ചയും , താഴ്ചയും
കണ്ടു നിശ്വാസമുതിര്‍ക്കുമുടയോരില്ല
വറുതിയില്‍ പൊള്ളുന്ന നിന്‍ മണല്‍ത്തിട്ടമേല്‍
വെറിപൂണ്ട വാക്കിന്‍ വിഴുപ്പാറ്റുവോരില്ല
ലഹരിയും കവിതയും കാമവും പെയ്തു നിന്‍
തീരത്തു സര്‍ഗവസന്തം വിടര്‍ത്തുവാന്‍
ആരുമേയില്ല , നീയൊരു  വെറും പുഴ , പക്ഷെ
നീ നീയാണ് , നേരാണ് , വളപട്ടണം പുഴേ ...!

ബ്രഹ്മഗിരിതന്‍ നെടും കോട്ടകള്‍ തീര്‍ത്ത
രോധങ്ങള്‍ തട്ടിത്തകര്‍ത്ത കാലം മുതല്‍ 
പെണ്‍കരുത്തിന്റെ കുതിപ്പും പ്രവേഗവും
ഉള്‍ഭയം തീണ്ടാത്ത വന്യ ലാവണ്യവും
കണ്ടു നടുക്കം മറച്ചു ,പ്രണയത്തിന്റെ
പൊയ് മുഖത്താല്‍ , കരിമ്പാറ തന്‍ പൌരുഷം !
താങ്ങുവാനെന്നുള്ള നാട്യത്തില്‍ ബന്ധനം
തീര്‍ക്കാന്‍ തുനിഞ്ഞ കരം തട്ടി മാററി നീ

അന്നുതൊട്ടിന്നോളമേറെസ്സഹിച്ചവള്‍ ,
തന്‍ ചോര മുക്കി ചരിത്രം രചിച്ചവള്‍ !
തന്‍ വഴിത്താരകള്‍ താന്‍ തന്നെ തീര്‍ത്തവള്‍ 
തന്നുള്ളിലേക്ക് മടങ്ങാന്‍ കൊതിച്ചവള്‍ ,
താങ്ങും  തണലുമില്ലാതെ പകച്ചനാള്‍
കണ്ണീരടക്കി ചിരിക്കാന്‍  പഠിച്ചവള്‍ ...!

പണ്ടു മരക്കലമേറി ദേശാന്തര
ഭൂമിക തേടി വന്നെത്തിയ കന്യ തന്‍
വംശ വൃക്ഷത്തിന്റെ വേരുകളൂന്നുവാന്‍
ഉള്‍ക്കരുത്തുറ്റ നാഭീതടം നല്‍കി നീ
വളഭന്റെ , നന്നന്റെ , വാമദേവന്റെ തേര്‍
വാഴ്ചകള്‍ ,  വീഴ്ചകളൊക്കെയും  കണ്ടവള്‍
ഏതു സംസ്കാര തടങ്ങള്‍ക്കു നീര്‍ വീഴ്ത്തി
ഏറെ നൂറ്റാണ്ടുകള്‍  പാലിച്ചു പോറ്റിയോ ,
ഇന്നതിന്‍ വൈകൃതഭാവങ്ങള്‍ കണ്ടു നിന്‍
ഉള്‍ത്തടം വിങ്ങുന്നുവെങ്കിലുമെപ്പൊഴും
അന്ത:സംഘര്‍ഷമടക്കി , നിസ്സംഗയായ്
ഏറ്റു വാങ്ങുന്നൊരു നാടിന്റെ കന്മഷം!

കെട്ട കാലത്തിന്റെ പാപ സങ്കീര്‍ത്തനം
ചുറ്റും മുഴങ്ങുന്നൊരന്ധകാരത്തിലും
വര്‍ത്തമാനത്തിന്റെ ബോധാന്തരങ്ങളില്‍
ആത്മവീര്യത്തിന്‍ കനല്‍ കാത്തു വെച്ചവള്‍ !
 നീ വെറും പുഴയല്ല  മഹിമ തന്‍ വറ്റാത്ത
നീരൊഴുക്കാണു  നീ, വളപട്ടണം പുഴേ ...!





Thursday, January 6, 2011


മുതലവേട്ടക്കാരന്

(സ്റ്റീവ് ഇര്‍വിന് ഒരു ചരമക്കുറിപ്പ് )



കാടു വീടാക്കി മാറ്റിയോന്‍ 
കൂടു തേടിയലഞ്ഞവന്‍
കാടിന്നോമനകള്‍ക്കു തന്‍
കൈകളെ തൊട്ടിലാക്കിയോന്‍

ഹിംസ്രജന്തുക്കള്‍ തന്‍ കളി-
ത്തോഴനായ് ഉല്ലസിച്ചവന്‍
ഉഗ്രജാതിയെപ്പോലുമേ
തന്‍ കളിപ്പാട്ടമാക്കിയോന്‍

ഞങ്ങള്‍ ദൂരത്തിരുന്നു നിന്‍
കൌതുകം പങ്കു വെച്ചവര്‍
നിന്റെ കൂസലില്ലായ്മകള്‍
കണ്ടു വിസ്മയം പൂണ്ടവര്‍

മുതലവേട്ട തന്‍ സാഹസ -
ക്കാഴ്ച കണ്ടാസ്വദിച്ചവര്‍
നിന്നമാനുഷ ഗാഥകള്‍
കേട്ടു കോരിത്തരിച്ചവര്‍

നിന്റെയാശ്ചര്യ ഭാഷണം
ഭാവമേറ്റം രസാവഹം
ചിറകടിക്കുന്ന പറവ പോല്‍
ചടുലമാം നിന്റെയാംഗികം

എത്രയോ വട്ടമാപത്തു
തൊട്ടു പിന്മാറി നിന്നുടല്‍
പുഞ്ചിരിക്കൊണ്ടു നീയെന്നും
നെഞ്ചിടിപ്പേറ്റി ഞങ്ങളില്‍!

സ്നേഹ ദൌത്യങ്ങളായി നിന്‍
വേട്ടകള്‍ പോലുമൂഴിയില്‍
കരുണയോടേകി സാന്ത്വനം
വേദനിക്കുന്നവക്കു നീ

മറഞ്ഞുനിന്നുകൊണ്ടെങ്ങോ
മരണം മാടി വിളിക്കവേ
മറ്റൊരാഹ്ലാദ വേട്ടക്കായ്‌
ചെന്നൂ പതിവുപോലെ നീ

മരണമറ്റ നിനക്കുടല്‍
വെടിയുവാന്‍ വന്ന ഹേതുവായ്
കാത്തു നിന്നൂ വിഷച്ചെപ്പു -
മേന്തിയാ ജലകന്യക

നിര്‍ഭയം നീന്തിയെത്തി നീ
ആഞ്ഞു പുല്കാന്‍ തുനിയവെ
പരിഭവിച്ചവള്‍ ചെയ്തൊരാ
കുസൃതിയല്‍പ്പം കവിഞ്ഞതോ?

ഉടലിന്‍ കൂടുവിട്ടു നീ
ജല സമാധി വരിച്ചതോ?
കടലിന്നാഴത്തില്‍ നീ സ്വയം
കുരുതിയര്‍പ്പിച്ചു പോയതോ?

കാത്തിരിക്കുന്നു കാതങ്ങള്‍
ദൂരത്തായ് ഞങ്ങളിപ്പോഴും !
വേട്ടതന്‍ വര്‍ത്തമാനങ്ങള്‍
പങ്കിടാനെത്തുമെന്നു നീ? !








വീടണയാതെ പോയവര്‍ [ കണ്ണൂരിലെ ഇരിക്കൂറില്‍ വാഹനാപകടത്തില്‍ മരിച്ച പത്തു പിഞ്ചു കുട്ടികളുടെ ഓര്‍മ്മക്കായി katamberi Govt. U.P.School പ്രസിദ്ധീകരിച്ച "നോവുപാട്ടുകള്‍" എന്ന കവിതാ സമാഹാരത്തില്‍ നിന്ന്‌]
------------------------------------------------------------------------------

തോരാത്ത കണ്ണുനീര്‍ വീണ പെരുവഴി-
യോരത്തു നിന്നു ഞാന്‍, തൊണ്ടയില്‍ തട്ടി-
ത്തടഞ്ഞൊരു തേങ്ങലും, നൊമ്പരപ്പെട്ടു പിടയും ഹൃദന്തവും ......

അമ്മതന്‍ കണ്ണീരിനാര്‍ദ്ര ശാപം പോലെ
ഇന്നിരിക്കൂറിന്റെ നാട്ടു വഴികളില്‍
അന്ധമായ്, ഭ്രാന്തമായലയുന്നിളം ചോര-
ഗന്ധം വമിക്കുന്ന പേക്കാറ്റുകള്‍ ,ഇരി-
ക്കൂറെന്നു കേള്‍ക്കുന്ന മാത്രയില്‍ കണ്ണുനീ -
രൂറുന്നു , നീറിപ്പുകയുന്നു നെഞ്ചകം!

പത്തുപേര്‍ , പത്തുത്സവങ്ങളായുള്ളവര്‍
മാഞ്ഞുപോയ്, ഭ്രാന്തിന്‍ രഥപ്പാടു ബാക്കിയായ്!

വൈകീട്ടു കാത്തിരുന്നമ്മ വിളമ്പുന്നോ -
രപ്പം നുണയാന്‍ തിടുക്കം പിടിച്ചവര്‍,
അച്ഛന്‍റെ കൈപിടിച്ച്‌ അന്തിക്കു വിസ്മയ -
ക്കാഴ്ചകള്‍ കാണാന്‍ കുതൂഹലം പൂണ്ടവര്‍,
കുഞ്ഞനുജത്തിക്കു നല്‍കുവാന്‍ കീശയില്‍
 പാതിമിട്ടായി പൊതിഞ്ഞിട്ടോരേട്ടനും,
മാമന്‍ വരുന്നെന്നറിഞ്ഞിട്ടു കാലത്ത്
മാ നസം വീട്ടില്‍ മറന്നിട്ടോരോമലും..
ആരോര്‍ത്തു, വീടണഞ്ഞീടുന്നതിന്‍ മുമ്പ്
പ്രാണന്‍ പൊലിഞ്ഞിടാനാണവര്‍ തന്‍ വിധി!
പിന്നില്‍നിന്നോര്‍ക്കാപ്പുറത്തുഗ്ര വേഗമോ-
ടെത്തീ, കൊടുംകാറ്റടിച്ചപോലെ മൃതി!
പിഞ്ചു പാദങ്ങളാല്‍ പൂവിട്ട പച്ച മണ്ണ്‌
അഞ്ചിമ ചിമ്മലിന്നുള്ളില്‍ ചുകന്നുപോയ്!........


ക്ലാസ്സ് മുറിയില്‍ കളഞ്ഞിട്ട പുസ്തകം.....

മഞ്ഞച്ചുവരില്‍ പതിഞ്ഞ കൈപ്പാടുകള്‍........................

ലോകം കറുപ്പിച്ച ബോഡില്‍ വരച്ചിട്ട
വെണ്‍ചോക്കു ചിത്രങ്ങള്‍ പോലവര്‍., പത്തുപേര്‍...,
ഇന്നലെ പുസ്തകത്താളില്‍ കുറിച്ചിട്ട
വാക്കു കവച്ചു കടന്നു പോയോരവര്‍....!.................................!

എല്ലാം എളുപ്പം മറക്കുമീ ലോകത്ത്
മക്കളേ, നിങ്ങളെ കാലമോര്‍മിക്കുമോ.. ?

Sunday, January 24, 2010

വാച്ചു നന്നാക്കുന്നവന്റെ മുറി 


ചുറ്റിനും സമയങ്ങളാണ് . 

ഇഴഞ്ഞു നീങ്ങുന്നവ ,
അക്കങ്ങളുടെ അകലങ്ങളില്‍ 
പകച്ചൊതുങ്ങി നില്‍ക്കുന്നവ ,
എന്തിനെന്നറിയാതെ നേര് വിളിച്ചോതുന്നവ.

എന്നോ നിലച്ചുപോയിട്ടും
ഇപ്പോഴും തുടിക്കുന്നുവെന്നു 
വിഭ്രമിപ്പിക്കുന്നവ.!

ഒരിക്കല്‍പോലും മുടങ്ങാതെ
പിശകുകളുടെ തുടരുന്ന സമയ വൃത്തങ്ങള്‍
വരച്ചുകൊണ്ടേയിരിക്കുന്നവ.

മരവിപ്പിന്‍റെ ഓരോ ഇടനാഴിയിലും 
അനക്കത്തിന്‍റെ ആവൃത്തി കുറിച്ചിട്ട്
അവസാനിക്കാത്ത ആവര്‍ത്തനങ്ങളിലേക്ക്
സ്വയം നഷ്ടപ്പെടുന്നവ .

മുന്നൂറ്ററുപതു ഡിഗ്രിക്കുള്ളില്‍
കാലത്തെ വലിച്ചുനിര്‍ത്തി
തറച്ചുവെക്കുന്നവ.

പ്രണയത്തിനും പിറവിക്കും ,
അമര്‍ച്ചയ്ക്കും അധികാരത്തിനും ,
വിപ്ലവത്തിനും വിസ്ഫോടനത്തിനും ,
മരണത്തിനും മഹാപ്രസ്ഥാനത്തിനും 
മാറിമാറി കൂട്ടിരുന്നവ.

തേഞ്ഞുതീര്‍ന്ന പല്‍ച്ചക്രങ്ങളും
തുരുമ്പെടുത്ത സൂചികളും
അഴിഞ്ഞുവീണ പിരികളും
പോറല്‍ വീണ ചില്ലുകളും
പഴകിപ്പിഞ്ഞിയ കൈപ്പട്ടകളും
ചുറ്റും ചിതറിക്കിടക്കെ,

പെറുക്കിയിണക്കിക്കൊണ്ടേയിരിക്കുന്ന
വിറയാര്‍ന്ന കൈകള്‍ക്കും
മങ്ങിയ കണ്ണുകള്‍ക്കുമിടയില്‍
എപ്പോഴോ വീണുകിട്ടാനിരിക്കുന്ന
ഒരു നേര്‍ത്ത മിടിപ്പായി
സമയം- കാത്തിരിക്കുന്നു,
എവിടെയോ....!

ഒരൊറ്റ വാച്ചും 
കേടുതീര്‍ക്കുന്നിടത്തേക്ക്
നയിക്കപ്പെടാതിരിക്കുന്നില്ല!

ചിലപ്പോള്‍,
ഒരിക്കലും തിരികെയെടുക്കപ്പെടുന്നുമില്ല ..!

Saturday, January 23, 2010

ദിനാന്ത്യക്കുറിപ്പുകള്‍

ഒരു തേങ്ങലിപ്പൊഴും ബാക്കി , മനസ്സിന്‍റെ-
യുറവകള്‍ വറ്റി,യടിത്തട്ടു മാത്രമായ്
ജരിതമാം കാമനകള്‍ പേറുന്ന , വിശ്രാന്തി
തേടിയടങ്ങുന്ന സായന്തനങ്ങളില്‍
ഒരു ചിരായുസ്സിന്‍റെ ഭാഗധേയങ്ങളില്‍
ഒരു തേങ്ങലെവിടെയോ ബാക്കി .

അലറുന്ന യൌവനക്കടലിലായ് വിഭ്രമ-
പ്പറുദീസ തേടുന്ന യാനപാത്രങ്ങളില്‍
അലയുന്നൊരക്കാലമെല്ലാം സിരകളില്‍
നുരയുന്ന ലഹരിയായ്,മദമായ് ,ഒടുങ്ങാത്ത
വീര്യമായ് ആവേശമായ്‌ ജീവകോശങ്ങള്‍
തോറും പ്രണയം തിമര്‍ക്കുന്ന പകലുകള്‍..
വിരലില്‍നിന്നിറ്റു വീഴുന്നൊരാസക്തിതന്‍
മധുരവും രസതീക്ഷ്ണ ഗന്ധ ഭാവങ്ങളും
ആവോളമുള്‍ക്കൊണ്ട രാവുകള്‍, ചുറ്റിനും
തൃഷ്ണ തന്‍ നാളം ജ്വലിച്ച ത്രിസന്ധ്യകള്‍ ..

നേരിന്നകക്കണ്ണ് തെളിയാത്ത മായിക-
ക്കാഴ്ചകള്‍ കമ്പോളമാകുന്ന പെട്ടിതന്‍
ചടുല താളങ്ങളില്‍, നവരസപ്പെരുമഴയി -
ലലിയുന്ന യൌവനത്തിന്‍ വഴക്കങ്ങളില്‍
വിലപേശുവാന്‍ വെച്ച പെണ്മപ്പെരുമ തന്‍
ശബളാരവങ്ങള്‍ നിറഞ്ഞ നട്ടുച്ചകള്‍ ..!

ഭാഷണാഹ്ലാദത്തിനാത്മ രതി നിര്‍വൃതിക-
ളൊരു കൈപ്പിടിക്കുള്ളിലറിയിച്ച പുത്തനാം
യന്ത്ര സംഗീതത്തിലഭിരമിക്കും കേള്‍വി
പിന്‍വിളികളറിയാതെ പോയ സായാഹ്നങ്ങള്‍ ..

മേയുവാന്‍ പലമേടു തേടിയലഞ്ഞോടുവി -
ലൊരു മണല്‍ത്തിട്ടില്‍ തളര്‍ച്ചയാറ്റും വരെ
ഏതോ നിണം കെട്ടിയാടുന്ന താമസ -
വികാര പ്രവാഹങ്ങള്‍ , യാഗാശ്വയാനങ്ങള്‍ ..!

ഏതോ നിഴല്‍ക്കുത്തിനൊടുവിലീ വിസ്മയ-
ക്കാഴ്ചകള്‍ കാത്തുവെച്ചൊരു വയല്‍പ്പക്ഷി തന്‍
നറുതൂവലിന്‍ മൃദു സ്പര്‍ശമായ് , കവിതയായ് ,
ഒരു തേങ്ങലിപ്പൊഴും ബാക്കി .!


Saturday, December 19, 2009



സമകാലികം


ഇതാണിന്നു നാടിന്‍റെ നീറുന്ന പ്രശ്നം;
റിയാലിറ്റി ഷോയില്‍ ജയമാര്‍ക്ക് സ്വന്തം?
അറിഞ്ഞില്ലയെങ്കില്‍ ഇറങ്ങില്ലയന്നം,
അടുക്കില്ല കണ്‍പൂട്ടിയാലി ന്നുറക്കം!

മുറപോലെ പോറ്റി വളര്‍ത്തിയ താരം
വിധി നിര്‍ണയം കാത്തു നില്‍ക്കുന്ന നേരം
മറക്കായ്ക വേണം ജനായത്ത ബോധം ,
വിലപ്പെട്ട വോട്ടിന്‍റെ പൌരാവകാശം !

തിളങ്ങുന്ന താരപ്രഭയാണ് നമ്മള്‍ -
ക്കടുപ്പിന്‍ ചുവട്ടില്‍ എരിയുന്ന നാളം.
വേവിച്ചെടുക്കാന്‍ ശ്രമിക്കുന്നു വാഴ്വിന്‍
വേവലാതിക്കല്ലരിയതിന്‍ ചൂടില്‍!

വംശാധിപത്യ വിരുന്നുണ്ടു തീര്‍ന്നോര്‍
വലിച്ചെറിഞ്ഞോരിലക്കീറിന്നു മുമ്പില്‍
ചടഞ്ഞങ്ങിരിപ്പാണ് സംസ്കാര ശീലര്‍ ,
ചരിത്രം തിരുത്തിക്കുറിക്കാന്‍ തുനിഞ്ഞോര്‍!

'ചാറ്റിന്‍' മഴയില്‍ നനഞ്ഞോലിക്കുമ്പോള്‍
ചാനല്‍ക്കുടകള്‍ ക്ഷണിക്കുന്നു നമ്മെ .
ആകെ നനഞ്ഞാല്‍ കുളിരില്ല മേലില്‍,
ആരും വിരല്‍ചൂണ്ടി നില്‍ക്കില്ല മുന്നില്‍!

കോടീശ്വരന്മാര്‍ നമുക്കാണനേകം ,
ചേരിപ്പെരുപ്പത്തിലാര്‍ക്കെന്തു ചേതം?
ഫോറിന്‍ വിഷച്ചണ്ടി വാങ്ങിച്ചമച്ചു
കാളുന്ന കുഞ്ഞിന്‍ വിശപ്പാറ്റി നമ്മള്‍!

ദേശപ്രരൂപം കറുപ്പോ വെളുപ്പോ?
ദേശാഭിമാനം തിളക്കുന്നു നമ്മില്‍!
നാടിന്‍റെ മാനം പെരുക്കുവാനല്ലോ
മുടങ്ങാതെ ഹര്ത്താല് നോല്‍ക്കുന്നു നമ്മള്‍!
----------------------------------