Pages

ഞാന്‍

My photo
Kannur, kerala, India
തിരൂര്‍ക്കാരി. കണ്ണൂരില്‍ താമസം. അധ്യാപിക

Thursday, February 21, 2013





മുരിക്കഞ്ചേരി  കേളുവും മൂന്നു ചരിത്രാന്വേഷകരും 

                                                    ആരാണീ മുരിക്കഞ്ചേരി  കേളു? ഉറുമി എന്ന  സിനിമയില്‍ പൃഥ്വിരാജ് നടിച്ച കഥാപാത്രംഎന്ന് പരിചയപ്പെടുതുന്നതായിരിക്കും എളുപ്പം. പക്ഷെ ചരിത്രം വളച്ചൊടിച്ച ആ സിനിമക്കും അപ്പുറത്ത് മുരിക്കഞ്ചേരി കേളു എന്ന വീര ഭടനെ അറിയുന്നവര്‍ ചുരുക്കം. 
അവഗണിക്കപ്പെട്ടു  കിടക്കുന്ന  അദ്ദേഹത്തിന്റെ  കല്ലറയില്‍ മൂന്നു ചരിത്ര കുതുകികള്‍ നടത്തിയ ഒരു സാഹസിക സന്ദര്‍ശനമാണ് ഇനിയങ്ങോട്ടുള്ള വിവരണം. ചരിത്രത്തിലും സാഹസികതയിലും താല്പര്യം ഇല്ലാത്തവര്‍ക്ക് വേറെ പേജ് നോക്കാവുന്നതാണ് .

ചരിത്രാന്വേഷക നമ്പര്‍          1:                 നവനീത, വയസ്സ് 14 
ചരിത്രാന്വേഷക(ന്‍ ) നമ്പര്‍ 2:           വിഹായസ് , വയസ്സ് 11 
ചരിത്രാന്വേഷക നമ്പര്‍        3 :          ഞാന്‍            

ലൊക്കേഷന്‍ : പയ്യാമ്പലം ബീച്ച് പരിസരം  , കണ്ണൂര്‍ 
തിയ്യതി : 2013 ജനുവരി 27

                                              ഫ്ലാഷ് ബാക്ക് : 16-)o  നൂറ്റാണ്ടില്‍ ചിറക്കല്‍ രാജാവിന്‍റെ  പടനായകനായിരുന്നു  മുരിക്കഞ്ചേരി കേളു  നായനാര്‍ . വാസ്കോ ഡ ഗാമയോട് കടുത്ത ശത്രുതയിലായിരുന്നു  അദ്ദേഹം . ചിറക്കല്‍ സ്വരൂപവുമായുള്ള  ഗാമയുടെ ബന്ധത്തിന്  എതിരുനിന്നയാള്‍ .
1524ല്‍ മലേറിയ പിടിപെട്ടാണ്  ഗാമ മരിച്ചതെന്ന് ചിലരും , അതല്ല കേളുവുമായുള്ള  ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതാണെന്ന്  ഉറുമി  സിനിമയും പറയുന്നു. അതെന്തായാലും , മുരിക്കഞ്ചേരി കേളുവിന്‍റെ അന്ത്യവും വീരോചിതമായിരുന്നു . പയ്യാമ്പലത്ത്  ഏഴടി  നീളമുള്ള  ഒരു കല്ലറയിലാണ് ആ  ചരിത്രപുരുഷന്റെ  നിത്യ നിദ്ര . ആറടി നീളമുണ്ടായിരുന്ന  കേളു  നായനാര്‍, ഒരടി  നീളമുള്ള  വാള്‍  പിടിച്ചു കൈ മുന്നോട്ടു നീട്ടി  കിടന്ന അതേ അവസ്ഥയിലാണത്രേ അടക്കം ചെയ്യപ്പെട്ടത് . ഈ പുരാതന കല്ലറ  ഇപ്പോള്‍ അറിയപ്പെടാതെ കാടുമൂടി  മറഞ്ഞു കിടക്കുകയാണ് - ഇത്രയുമാണ് ഞാന്‍ കേട്ടറിഞ്ഞ ചരിത്രത്തിന്റെ ചുരുക്കം .

അന്ന് തൊട്ടു  തുടങ്ങി, ആ കല്ലറ ഒന്ന് കാണാന്‍  അതിയായ  കൌതുകം . ഓരോ  തവണയും  പയ്യാമ്പലം ബീച്ചില്‍  പോകുമ്പോള്‍  അതിനായി ആഗ്രഹം പ്രകടിപ്പിക്കാറുണ്ടെങ്കിലും  ഇത് വരെ നടന്നില്ല . ഇന്ന് രണ്ടും കല്‍പ്പിച്ചു ടൂ വീലറും എടുത്തു ഒരുങ്ങിഇറങ്ങി .  

    പയ്യാമ്പലത്താണെങ്കില്‍  ശവ കുടീരങ്ങള്‍ക്ക് ഒരു പഞ്ഞവുമില്ല ! പലപല  കൊടിക്കീഴിലായി  പരേതര്‍ അങ്ങനെ  നിരന്നു കിടന്നു നമ്മളെ കാണുകയാണ്!!! ഈ പ്രളയത്തിനിടയില്‍ ഒരു പാര്‍ടിയിലും പെടാത്ത  കേളു  നായനാരെ  അവകാശപ്പെടാന്‍ ആരുണ്ട്‌? 

             എങ്കിലും ചരിത്രാന്വേഷണം അങ്ങനെ പെട്ടെന്നു  നിര്‍ത്താന്‍ പറ്റുന്നതല്ലല്ലോ .

അന്വേഷണത്തിനൊടുവില്‍ അറിഞ്ഞു, ശ്മശാനത്തിന്  ഉള്ളിലല്ല , പുറത്തു റോഡരികില്‍ എവിടെയോ ആണ് ആ പുരാതന കല്ലറ എന്ന്. അതിനടുത്തായി ഒരു ആല്‍ത്തറയും കാണാമത്രെ . അന്വേഷണം പിന്നെയും നീണ്ടു. ഒടുവില്‍ ആല്‍ത്തറ കണ്ടു പിടിച്ചു. അതിനടുത്തു വണ്ടി നിര്‍ത്തി , തൊട്ടടുത്ത വളപ്പില്‍ കണ്ട  ഒരു വീട്ടുകാരിയോട്  തിരക്കി. ആവശ്യം അറിഞ്ഞപ്പോള്‍ അവരുടെ മുഖത്ത് വിരിഞ്ഞ വികാരം വിവരണാതീതം ! , ഡ്രാക്കുളക്കോട്ട  അന്വേഷിച്ച  ജോനാതനെ  അന്നാട്ടുകാര്‍  നോക്കിയ അതേ നോട്ടത്തോടെ അവര്‍ ചോദിച്ചു :" നിങ്ങള്‍ അപ്പൊ  കേളുവിന്റെ കല്ലറ കാണാന്‍ പോകാന്‍ തന്നെ തീരുമാനിച്ചോ ?" "എന്തേ , വല്ല പ്രശ്നവും ഉണ്ടോ " എന്ന് ഞാന്‍ ."ഒന്നുമില്ല, ഞാന്‍ പത്തു പതിനെട്ടു കൊല്ലമായി ഇവിടെ . ഇതുവരെ  ആ  കല്ലറ നില്‍ക്കുന്ന  കുന്നിന്‍പുറത്ത് പോയിട്ടില്ല. നിങ്ങള്‍ പോകുന്നതൊക്കെ കൊള്ളാം . പക്ഷെ അവിടെ അത്ര നല്ല  സ്ഥലമല്ല..."

അവര്‍ വീട്ടിനുള്ളിലേക്ക് കയറിപ്പോയി . ചരിത്രാന്വേഷകര്‍  മിണ്ടാതെ  മുഖത്തോട് മുഖം നോക്കി , പുരികം കൊണ്ട് ആശയവിനിമയം നടത്തി. ഒടുവില്‍ വണ്ടി തിരിച്ചു. 

            കല്ലറ നില്‍ക്കുന്ന സ്ഥലം  റോഡില്‍ നിന്ന്  കുറച്ചു ഉയരത്തിലാണ് . കയറാന്‍  പടികള്‍ ഒന്നുമില്ല. മരത്തിന്റെ വേരുകളില്‍ പിടിച്ചു  ഒരു വിധം വലിഞ്ഞു  മുകളിലോട്ടു കയറി.  കരിയില വീണു മൂടിയും കാട് പിടിച്ചും കിടക്കുന്ന  വീതി  കുറഞ്ഞ നടവഴിയിലൂടെ മുന്നോട്ട് . കാലില്‍ പിടിച്ചു നിര്‍ത്തുന്ന കാട്ടു വള്ളികള്‍  .ഒടുവില്‍  കുറുകേയുള്ള  ഇടിഞ്ഞു പൊളിഞ്ഞ  ഒരു നീണ്ട മതിലിനടുത്ത് വഴി അവസാനിച്ചു . കല്ലറ പോയിട്ട് കറ  പോലും കാണാനില്ല!

. ചുറ്റും തിരഞ്ഞു. അപ്പോഴാണ്‌  ചരിത്രാന്വേഷക നമ്പര്‍ 1 ന്റെ നീട്ടിയ കൂവല്‍  കേട്ടത്. പെങ്കൊച്ചിനെ വ ല്ല ഇഴജന്തുവും കടിച്ചോ, അതോ  കേളുവിന്റെ പ്രേതം  വന്നു കൂടിയോ എന്ന് ചോദിയ്ക്കാന്‍ ഒരുങ്ങുമ്പോഴേക്കും  അവള്‍ വിരല്‍ ചൂണ്ടി- ആ മതിലിനു ഒത്ത നടുക്കായി  ഒരു ചെറിയ ഓട്ടു    വിളക്ക് .

 അപ്പോള്‍ ഇത് താന്‍ മുരിക്കഞ്ചേരി കേളുവിന്റെ  കല്ലറ !!! ആ വിളക്കല്ലാതെ മറ്റൊരു അടയാളവും ഇല്ല , അതൊരു കല്ലറയാണ് എന്നു മനസ്സിലാക്കാന്‍  .

 ഞങ്ങള്‍ ആ മഹാ പുരുഷന്‌ പ്രണാമം അര്‍പിച്ചു തിരിച്ചിറങ്ങി 

 അങ്ങനെ ആ സാഹസിക യാത്ര  ലക്ഷ്യം  കണ്ടതിന്റെ സന്തോഷത്തിലാണ് ഈ മൂന്നു വിനീത  ചരിത്രാന്വേഷകര്‍ . 

 മുരിക്കഞ്ചേരി കേളു  നായനാര്‍  കാത്തിരിക്കുന്നു  അടുത്ത സന്ദര്‍ശകരെ . അത് നിങ്ങളാണോ?

6 comments:

  1. This comment has been removed by a blog administrator.

    ReplyDelete
  2. യാത്രാവിവരണം മനോഹരമായി.

    word verification
    എടുത്തുകളയുക

    ReplyDelete
  3. Nannyittund ith kettappol aa charithara purushane onnu kandal kollamennund orunal njanum varum kanuvan

    ReplyDelete
  4. മുരിക്കഞ്ചേരി കേളു നായർ ആണ് നായനാർ അല്ല. മുരിക്കഞ്ചേരി തറവാട്ടുകാർ ഇപ്പഴും മാടായി ഏഴോം ഭാഗങ്ങളിലുണ്ട്. സിനിമയിൽ പറഞ്ഞ പോലത്തെ കഥയല്ല കേളുവിന്റെ. പോർച്ചുഗീസ് കാരുമായിട്ടുള്ള പോരാട്ടം ഒന്നും വടക്കൻ പാട്ടിൽ ഇല്ല. മാടായിക്കോട്ട കെട്ടുന്നതും തുടർസംഭവങ്ങളും കോലത്തിരിയുമായി തെറ്റുന്നതും ഒക്കെ ആണ് കഥ

    ReplyDelete
  5. Orrikkalenkilum avide onn ponam enn oru agraham

    ReplyDelete
  6. നിങ്ങളുടെ ഈ ചരിത്ര യാത്രാ വിവരണം എനിക്ക് ഏറെ ഇഷ്ടപ്പെട്ടു കാരണം ഉറുമി എന്ന സിനിമ കണ്ടതുമുതൽ ഈ കേളുവിനോട് ഒരു ആരാധനയായിരുന്നു പിന്നീട് യൂട്യുബിലും ഗൂഗിളിലും ഒരുപാട് തപ്പി അങ്ങനെയാണ് നിങ്ങളുടെ ഈ ബ്ലോഗ് കാണുന്നത് എന്തായാലും എനിക്കും ഒരിക്കൽ പോവണം അവിടെ

    ReplyDelete