Pages

ഞാന്‍

My photo
Kannur, kerala, India
തിരൂര്‍ക്കാരി. കണ്ണൂരില്‍ താമസം. അധ്യാപിക

Tuesday, May 28, 2013

പെണ്ണ്

അബലയെന്നോതിയിന്നരുതുകൾ കൊണ്ടെന്റെ
അതിരുകൾ തീർക്കല്ലെ നിങ്ങൾ
വരികെന്നു ചൊല്ലി വിളിക്കുന്നു പുലരികൾ
തരികെന്റെ ചിറകുകൾ തിരികെ ,
തരികെന്റെ ചിറകുകൾ തിരികെ !

പുരുഷന്റെ പാതി ഞാൻ , പ്രകൃതി , ഉയിർ  തന്നൊ -
രമ്മ , ആദ്യാക്ഷരമായവൾ
ഉടലിന്റെ  പൊരുളറിഞ്ഞിണ ചേർന്നു , കാലമാം
തേരിന്റെ ചക്രം തിരിച്ചവൾ !
പുരുഷന്റെ ഒരു വെറും നിഴലല്ല , തോളോടു
തോൾ ചേർന്നു നിന്നവൾ പെണ്ണ് !
അന്നവും വസ്ത്രവും അധ്വാന ഭാരവും
ജീവനും പങ്കിട്ട പെണ്ണ്!

ഇതു ചരിത്രത്തിന്റെ വികൃതി , പെണ്ണിന്നെ
അടിമയായ് മാറ്റിയ നിയതി !
മാനവ സംസ്കൃതി തന്റെ വഴികളിൽ
മാപ്പു നൽകാത്തൊരനീതി !

പൊന്നിന്റെ പൊങ്ങച്ചമല്ല , പട്ടിൻ പകി -
ട്ടല്ല മോഹിക്കുന്നു പെണ്ണ്
ഉടലിന്നു മറതീർക്കുമൊരു തുണ്ടു ചേലയും
ഒരു കുടക്കീഴിന്റെ തണലും !
ഒളിനോട്ടമില്ലാത്ത പകലും , ഭീതിതൻ
നിഴലുകളനങ്ങാത്തൊരിരവും ,
ഒരു നൂറു കനവിന്റെ  തിരികൾ തെളിക്കുവാൻ
ഒരു കൊച്ചു കൈത്തിരി നാളവും .

നാട്ടുവഴികളിൽ , ഓടുന്ന വണ്ടിയിൽ
വീട്ടിന്നകങ്ങളിൽ , വിദ്യാലയങ്ങളിൽ
ഇരതേടിയെത്തുന്ന കഴുകന്നു മുന്നിലേ -
ക്കെറിയല്ലെ  ഇനിയൊരു മകളെയൊരിക്കലും !

ഇനിമേലിൽ നൽകില്ല വാണിഭച്ചന്തയിൽ
വിലപേശി  വിൽക്കുവാനൊരു പെണ്‍ ശരീരവും ...
ഇനി നമ്മളുണരണം , കൈകോർത്തുയർത്തണം
പെണ്ണിന്റെ  മാനങ്ങൾ കാക്കുന്ന കോട്ടകൾ ......!

പെണ്ണാണിവൾ , മൃഗമല്ലെന്നു കാണുവാൻ
ആണായ മക്കൾക്കു കണ്ണുകൾ നൽകുവിൻ ;
അന്യന്റെ പെണ്ണിന്റെ അന്തസ്സു കാക്കുവാൻ
നെഞ്ചുറപ്പുള്ളൊരാണ്‍ മക്കളോടോതുവിൻ ......!

"യത്ര നാര്യസ്തു പൂജ്യന്തേ ,
രമന്തേ തത്ര ദേവതാ :"

[ഈ കവിതയുടെ ഗാനാവിഷ്കാരം കേൾക്കൂ:https://www.youtube.com/watch?v=wD_Ii9AVm_w ]

16 comments:

  1. നല്ല കവിതയാണല്ലോ പ്രിയെ. ഈ കവിതയ്ക്ക്‌ "പെണ്ണ്‌" എന്ന പേരിട്ടാലോ?

    ReplyDelete
  2. ആദ്യം മധു സര്‍ നു നന്ദി ഈ ലിങ്ക് കാണിച്ചു തന്നതിന്.

    പ്രിയ ടീച്ചര്‍, കവിത വളരെ നന്നായി. ഇഷ്ട്ടമായി .ഒരുപാട് കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നു ശരിയാണ് നമ്മുടെ ആണ്മക്കളെ നന്മ്മ പഠിപ്പിക്കാം, അതാണ്‌ ചെയ്യേണ്ടത്. അവരുടെ മനക്കരുത്തില്‍ ല്‍ പെങ്ങന്മാരുടെ മാനം പുലര്‍ന്നുകൊള്ളും...

    ReplyDelete
  3. "പെണ്ണാണിവൾ , മൃഗമല്ലെന്നു കാണുവാൻ
    ആണായ മക്കൾക്കു കണ്ണുകൾ നൽകുവിൻ ;"

    ..കവിത ഇഷ്ടപ്പെട്ടു

    ReplyDelete
  4. നല്ല കാവ്യഗുണമുള്ള വരികള്‍ ....
    അവള്‍ എന്ന് വിളിയ്ക്കാമോ?
    അഭിനന്ദനങ്ങള്‍ .....

    ReplyDelete
  5. വാക്കുകൾ കൊണ്ട് ഊർജം പകർന്നവർക്കെല്ലാം നന്ദി .

    ReplyDelete
  6. This comment has been removed by the author.

    ReplyDelete
  7. നല്ല വരികള്‍ ..

    പുരുഷന്റെ ഒരു വെറും നിഴലല്ല , തോളോടു
    തോൾ ചേർന്നു നിന്നവൾ പെണ്ണ് !
    അന്നവും വസ്ത്രവും അധ്വാന ഭാരവും
    ജീവനും പങ്കിട്ട പെണ്ണ്!

    ReplyDelete
  8. അവസാന വരികളുടെ അര്‍ത്ഥം കൂടെ ഒന്ന് കമന്റ്‌ ആയി ചേര്‍ക്കാമായിരുന്നു... അറിയാത്തവര്‍ക്ക് മനസ്സിലാക്കാമല്ലോ. :)

    ReplyDelete
  9. ദേവൂട്ടിയുടെ ആശംസകള്‍....

    ReplyDelete
  10. ഇനിമേലിൽ നൽകില്ല വാണിഭച്ചന്തയിൽ
    വിലപേശി വിൽക്കുവാനൊരു പെണ്‍ ശരീരവും ...
    ഇനി നമ്മളുണരണം , കൈകോർത്തുയർത്തണം
    പെണ്ണിന്റെ മാനങ്ങൾ കാക്കുന്ന കോട്ടകൾ ...... നല്ല കവിതക്കെന്റെ അശംസകൾ

    ReplyDelete
  11. അന്യന്റെ പെണ്ണിന്റെ അന്തസ്സു കാക്കുവാൻ
    നെഞ്ചുറപ്പുള്ളൊരാണ്‍ മക്കളോടോതുവിൻ ......!

    അശംസകൾ.

    ReplyDelete
  12. സൌകര്യംപോലെ എന്റെ ബ്ലോഗ്സ്പോട്ട് സന്ദര്ശിക്കാൻ ക്ഷണിക്കട്ടെ. നന്ദി.

    ReplyDelete
  13. ഈ കവിതയ്ക്ക് തലക്കെട്ട്‌ നിർദേശിച്ചതിനു Madhusudanan Pv ക്ക് നന്ദി . ഇനി ഈ കവിതയുടെ അല്ല, ഗാനത്തിന്റെ ചരിത്രം :
    ഒറ്റ പെണ്‍കൂവൽ കൊണ്ട് മലയാളിയുടെ നേരം വെളുപ്പിച്ച ആര്യ എന്ന പെണ്‍കുട്ടിയെയും , അതിനു ഇടയാക്കിയ രജത്കുമാർ എന്ന "ഋഷിതുല്യനായ " പൂവൻ കോഴിയെയും, ചരിത്രത്തിൽ തങ്ക ലിപികളാൽ എഴുതപ്പെട്ട ആ പ്രസംഗവും മറന്നിട്ടില്ലല്ലോ . മൂല്യ ബോധന യാത്ര എന്ന വിദ്യാഭ്യാസ വകുപ്പിന്റെ ആ പരിപാടിയുടെ അവതരണ ഗാനം ആയിരുന്നു ഇത്. അയ്യേ എന്ന് പറയാൻ വരട്ടെ: വിദ്യാഭ്യാസ വകുപ്പിന്റെ കലാജാടക്ക് ഒരു പാട്ട് എഴുതിക്കൊടുക്കണം എന്ന് ഒരു സുഹൃത്ത്‌ ആവശ്യപ്പെട്ടതനുസരിച്ച് എഴുതി , റെക്കോർഡ്‌ ചെയ്തു മെയിൽ അയച്ചുകൊടുത്തു എന്നതൊഴിച്ചാൽ മേൽ പ്രസ്താവിച്ച കഥാപാത്രങ്ങളുമായി എനിക്ക് "കൈകാട്ടി വിളിച്ച "ബന്ധം പോലുമില്ല എന്നതാണ് സത്യം. ജാഥ കാസർഗോടുനിന്നുപുറപ്പെട്ടു തിരുവനന്തപുരത്തെത്തുമ്പോൾ ഇങ്ങനെ ഒരു വിവാദ സംഭവം നടക്കുമെന്ന് മുന്കൂട്ടി കാണാൻ എനിക്ക് കഴിവില്ലല്ലോ. ഏതായാലും വിവാദ ഭാഗങ്ങൾ ഒഴിവാക്കിയുള്ളതാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വീഡിയോ . https://www.youtube.com/watch?v=wD_Ii9AVm_w

    ReplyDelete
    Replies
    1. ഈ കവിതയുടെ ഗാനാവിഷ്കരണം ഇന്നു ഫെയ്സ് ബുക്കിൽ കേട്ടപ്പോൾ ഒരു പുതു കവിതപോലെ തോന്നി. അതാൺ ബ്ലോഗിൽ ഇടണമെന്നു പറഞ്ഞത്‌. ഇട്ട കാര്യം ഞാൻ ഓർത്തില്ല. നന്ദി.

      Delete
  14. പെണ്ണാണിവൾ , മൃഗമല്ലെന്നു കാണുവാൻ
    ആണായ മക്കൾക്കു കണ്ണുകൾ നൽകുവിൻ ;
    അന്യന്റെ പെണ്ണിന്റെ അന്തസ്സു കാക്കുവാൻ
    നെഞ്ചുറപ്പുള്ളൊരാണ്‍ മക്കളോടോതുവിൻ ......! (Y)

    മനോഹരമായി എഴുതി....,ആശംസകള്‍...

    ReplyDelete
  15. പ്രിയക്കുട്ടീ ....നിന്നെ പരിചയപ്പെടാതിരുന്നെങ്കില്‍ ഒരു നഷ്ടമായേനെ എന്ന് ഈ വഴി വന്നപ്പോള്‍ തോന്നി .നിമിത്തമായി വന്നതോ കേസിന്‍റെ പിറകെയുള്ള അന്വേഷണം .കേസ് അതിന്‍റെ വഴിക്ക് പോയി .എന്നാലും നിന്‍റെ (അങ്ങനെ വിളിച്ചോട്ടെ ?)കവിത വായിക്കാനുള്ള ഭാഗ്യം ഉണ്ടായല്ലോ .അഭിനന്ദനങ്ങള്‍

    ReplyDelete