Pages

ഞാന്‍

My photo
Kannur, kerala, India
തിരൂര്‍ക്കാരി. കണ്ണൂരില്‍ താമസം. അധ്യാപിക

Thursday, December 13, 2012

വളപട്ടണം  പുഴ

വളപട്ടണം  പുഴ നിളയല്ല ,പെരുമയുടെ 
കോലായയില്‍  നിനക്കിടമില്ല , നിന്‍ പേര്
പന്തിരുകുലത്തിന്റെ നാള്‍വഴിയിലുള്‍ച്ചേര്‍ത്ത്
പല നാട്ടുശീലിന്റെ വാമൊഴിയില്‍ ചാലിച്ച് 
പകയുടെ , കരുത്തിന്റെ , ചോരയുടെ ചൂരുള്ള
കഥകള്‍ മെനഞ്ഞു കാറ്റത്തിടാനാളില്ല !

നിന്റെയുടലിന്‍ തളര്‍ച്ചയും , താഴ്ചയും
കണ്ടു നിശ്വാസമുതിര്‍ക്കുമുടയോരില്ല
വറുതിയില്‍ പൊള്ളുന്ന നിന്‍ മണല്‍ത്തിട്ടമേല്‍
വെറിപൂണ്ട വാക്കിന്‍ വിഴുപ്പാറ്റുവോരില്ല
ലഹരിയും കവിതയും കാമവും പെയ്തു നിന്‍
തീരത്തു സര്‍ഗവസന്തം വിടര്‍ത്തുവാന്‍
ആരുമേയില്ല , നീയൊരു  വെറും പുഴ , പക്ഷെ
നീ നീയാണ് , നേരാണ് , വളപട്ടണം പുഴേ ...!

ബ്രഹ്മഗിരിതന്‍ നെടും കോട്ടകള്‍ തീര്‍ത്ത
രോധങ്ങള്‍ തട്ടിത്തകര്‍ത്ത കാലം മുതല്‍ 
പെണ്‍കരുത്തിന്റെ കുതിപ്പും പ്രവേഗവും
ഉള്‍ഭയം തീണ്ടാത്ത വന്യ ലാവണ്യവും
കണ്ടു നടുക്കം മറച്ചു ,പ്രണയത്തിന്റെ
പൊയ് മുഖത്താല്‍ , കരിമ്പാറ തന്‍ പൌരുഷം !
താങ്ങുവാനെന്നുള്ള നാട്യത്തില്‍ ബന്ധനം
തീര്‍ക്കാന്‍ തുനിഞ്ഞ കരം തട്ടി മാററി നീ

അന്നുതൊട്ടിന്നോളമേറെസ്സഹിച്ചവള്‍ ,
തന്‍ ചോര മുക്കി ചരിത്രം രചിച്ചവള്‍ !
തന്‍ വഴിത്താരകള്‍ താന്‍ തന്നെ തീര്‍ത്തവള്‍ 
തന്നുള്ളിലേക്ക് മടങ്ങാന്‍ കൊതിച്ചവള്‍ ,
താങ്ങും  തണലുമില്ലാതെ പകച്ചനാള്‍
കണ്ണീരടക്കി ചിരിക്കാന്‍  പഠിച്ചവള്‍ ...!

പണ്ടു മരക്കലമേറി ദേശാന്തര
ഭൂമിക തേടി വന്നെത്തിയ കന്യ തന്‍
വംശ വൃക്ഷത്തിന്റെ വേരുകളൂന്നുവാന്‍
ഉള്‍ക്കരുത്തുറ്റ നാഭീതടം നല്‍കി നീ
വളഭന്റെ , നന്നന്റെ , വാമദേവന്റെ തേര്‍
വാഴ്ചകള്‍ ,  വീഴ്ചകളൊക്കെയും  കണ്ടവള്‍
ഏതു സംസ്കാര തടങ്ങള്‍ക്കു നീര്‍ വീഴ്ത്തി
ഏറെ നൂറ്റാണ്ടുകള്‍  പാലിച്ചു പോറ്റിയോ ,
ഇന്നതിന്‍ വൈകൃതഭാവങ്ങള്‍ കണ്ടു നിന്‍
ഉള്‍ത്തടം വിങ്ങുന്നുവെങ്കിലുമെപ്പൊഴും
അന്ത:സംഘര്‍ഷമടക്കി , നിസ്സംഗയായ്
ഏറ്റു വാങ്ങുന്നൊരു നാടിന്റെ കന്മഷം!

കെട്ട കാലത്തിന്റെ പാപ സങ്കീര്‍ത്തനം
ചുറ്റും മുഴങ്ങുന്നൊരന്ധകാരത്തിലും
വര്‍ത്തമാനത്തിന്റെ ബോധാന്തരങ്ങളില്‍
ആത്മവീര്യത്തിന്‍ കനല്‍ കാത്തു വെച്ചവള്‍ !
 നീ വെറും പുഴയല്ല  മഹിമ തന്‍ വറ്റാത്ത
നീരൊഴുക്കാണു  നീ, വളപട്ടണം പുഴേ ...!





Thursday, January 6, 2011


മുതലവേട്ടക്കാരന്

(സ്റ്റീവ് ഇര്‍വിന് ഒരു ചരമക്കുറിപ്പ് )



കാടു വീടാക്കി മാറ്റിയോന്‍ 
കൂടു തേടിയലഞ്ഞവന്‍
കാടിന്നോമനകള്‍ക്കു തന്‍
കൈകളെ തൊട്ടിലാക്കിയോന്‍

ഹിംസ്രജന്തുക്കള്‍ തന്‍ കളി-
ത്തോഴനായ് ഉല്ലസിച്ചവന്‍
ഉഗ്രജാതിയെപ്പോലുമേ
തന്‍ കളിപ്പാട്ടമാക്കിയോന്‍

ഞങ്ങള്‍ ദൂരത്തിരുന്നു നിന്‍
കൌതുകം പങ്കു വെച്ചവര്‍
നിന്റെ കൂസലില്ലായ്മകള്‍
കണ്ടു വിസ്മയം പൂണ്ടവര്‍

മുതലവേട്ട തന്‍ സാഹസ -
ക്കാഴ്ച കണ്ടാസ്വദിച്ചവര്‍
നിന്നമാനുഷ ഗാഥകള്‍
കേട്ടു കോരിത്തരിച്ചവര്‍

നിന്റെയാശ്ചര്യ ഭാഷണം
ഭാവമേറ്റം രസാവഹം
ചിറകടിക്കുന്ന പറവ പോല്‍
ചടുലമാം നിന്റെയാംഗികം

എത്രയോ വട്ടമാപത്തു
തൊട്ടു പിന്മാറി നിന്നുടല്‍
പുഞ്ചിരിക്കൊണ്ടു നീയെന്നും
നെഞ്ചിടിപ്പേറ്റി ഞങ്ങളില്‍!

സ്നേഹ ദൌത്യങ്ങളായി നിന്‍
വേട്ടകള്‍ പോലുമൂഴിയില്‍
കരുണയോടേകി സാന്ത്വനം
വേദനിക്കുന്നവക്കു നീ

മറഞ്ഞുനിന്നുകൊണ്ടെങ്ങോ
മരണം മാടി വിളിക്കവേ
മറ്റൊരാഹ്ലാദ വേട്ടക്കായ്‌
ചെന്നൂ പതിവുപോലെ നീ

മരണമറ്റ നിനക്കുടല്‍
വെടിയുവാന്‍ വന്ന ഹേതുവായ്
കാത്തു നിന്നൂ വിഷച്ചെപ്പു -
മേന്തിയാ ജലകന്യക

നിര്‍ഭയം നീന്തിയെത്തി നീ
ആഞ്ഞു പുല്കാന്‍ തുനിയവെ
പരിഭവിച്ചവള്‍ ചെയ്തൊരാ
കുസൃതിയല്‍പ്പം കവിഞ്ഞതോ?

ഉടലിന്‍ കൂടുവിട്ടു നീ
ജല സമാധി വരിച്ചതോ?
കടലിന്നാഴത്തില്‍ നീ സ്വയം
കുരുതിയര്‍പ്പിച്ചു പോയതോ?

കാത്തിരിക്കുന്നു കാതങ്ങള്‍
ദൂരത്തായ് ഞങ്ങളിപ്പോഴും !
വേട്ടതന്‍ വര്‍ത്തമാനങ്ങള്‍
പങ്കിടാനെത്തുമെന്നു നീ? !








വീടണയാതെ പോയവര്‍ [ കണ്ണൂരിലെ ഇരിക്കൂറില്‍ വാഹനാപകടത്തില്‍ മരിച്ച പത്തു പിഞ്ചു കുട്ടികളുടെ ഓര്‍മ്മക്കായി katamberi Govt. U.P.School പ്രസിദ്ധീകരിച്ച "നോവുപാട്ടുകള്‍" എന്ന കവിതാ സമാഹാരത്തില്‍ നിന്ന്‌]
------------------------------------------------------------------------------

തോരാത്ത കണ്ണുനീര്‍ വീണ പെരുവഴി-
യോരത്തു നിന്നു ഞാന്‍, തൊണ്ടയില്‍ തട്ടി-
ത്തടഞ്ഞൊരു തേങ്ങലും, നൊമ്പരപ്പെട്ടു പിടയും ഹൃദന്തവും ......

അമ്മതന്‍ കണ്ണീരിനാര്‍ദ്ര ശാപം പോലെ
ഇന്നിരിക്കൂറിന്റെ നാട്ടു വഴികളില്‍
അന്ധമായ്, ഭ്രാന്തമായലയുന്നിളം ചോര-
ഗന്ധം വമിക്കുന്ന പേക്കാറ്റുകള്‍ ,ഇരി-
ക്കൂറെന്നു കേള്‍ക്കുന്ന മാത്രയില്‍ കണ്ണുനീ -
രൂറുന്നു , നീറിപ്പുകയുന്നു നെഞ്ചകം!

പത്തുപേര്‍ , പത്തുത്സവങ്ങളായുള്ളവര്‍
മാഞ്ഞുപോയ്, ഭ്രാന്തിന്‍ രഥപ്പാടു ബാക്കിയായ്!

വൈകീട്ടു കാത്തിരുന്നമ്മ വിളമ്പുന്നോ -
രപ്പം നുണയാന്‍ തിടുക്കം പിടിച്ചവര്‍,
അച്ഛന്‍റെ കൈപിടിച്ച്‌ അന്തിക്കു വിസ്മയ -
ക്കാഴ്ചകള്‍ കാണാന്‍ കുതൂഹലം പൂണ്ടവര്‍,
കുഞ്ഞനുജത്തിക്കു നല്‍കുവാന്‍ കീശയില്‍
 പാതിമിട്ടായി പൊതിഞ്ഞിട്ടോരേട്ടനും,
മാമന്‍ വരുന്നെന്നറിഞ്ഞിട്ടു കാലത്ത്
മാ നസം വീട്ടില്‍ മറന്നിട്ടോരോമലും..
ആരോര്‍ത്തു, വീടണഞ്ഞീടുന്നതിന്‍ മുമ്പ്
പ്രാണന്‍ പൊലിഞ്ഞിടാനാണവര്‍ തന്‍ വിധി!
പിന്നില്‍നിന്നോര്‍ക്കാപ്പുറത്തുഗ്ര വേഗമോ-
ടെത്തീ, കൊടുംകാറ്റടിച്ചപോലെ മൃതി!
പിഞ്ചു പാദങ്ങളാല്‍ പൂവിട്ട പച്ച മണ്ണ്‌
അഞ്ചിമ ചിമ്മലിന്നുള്ളില്‍ ചുകന്നുപോയ്!........


ക്ലാസ്സ് മുറിയില്‍ കളഞ്ഞിട്ട പുസ്തകം.....

മഞ്ഞച്ചുവരില്‍ പതിഞ്ഞ കൈപ്പാടുകള്‍........................

ലോകം കറുപ്പിച്ച ബോഡില്‍ വരച്ചിട്ട
വെണ്‍ചോക്കു ചിത്രങ്ങള്‍ പോലവര്‍., പത്തുപേര്‍...,
ഇന്നലെ പുസ്തകത്താളില്‍ കുറിച്ചിട്ട
വാക്കു കവച്ചു കടന്നു പോയോരവര്‍....!.................................!

എല്ലാം എളുപ്പം മറക്കുമീ ലോകത്ത്
മക്കളേ, നിങ്ങളെ കാലമോര്‍മിക്കുമോ.. ?

Sunday, January 24, 2010

വാച്ചു നന്നാക്കുന്നവന്റെ മുറി 


ചുറ്റിനും സമയങ്ങളാണ് . 

ഇഴഞ്ഞു നീങ്ങുന്നവ ,
അക്കങ്ങളുടെ അകലങ്ങളില്‍ 
പകച്ചൊതുങ്ങി നില്‍ക്കുന്നവ ,
എന്തിനെന്നറിയാതെ നേര് വിളിച്ചോതുന്നവ.

എന്നോ നിലച്ചുപോയിട്ടും
ഇപ്പോഴും തുടിക്കുന്നുവെന്നു 
വിഭ്രമിപ്പിക്കുന്നവ.!

ഒരിക്കല്‍പോലും മുടങ്ങാതെ
പിശകുകളുടെ തുടരുന്ന സമയ വൃത്തങ്ങള്‍
വരച്ചുകൊണ്ടേയിരിക്കുന്നവ.

മരവിപ്പിന്‍റെ ഓരോ ഇടനാഴിയിലും 
അനക്കത്തിന്‍റെ ആവൃത്തി കുറിച്ചിട്ട്
അവസാനിക്കാത്ത ആവര്‍ത്തനങ്ങളിലേക്ക്
സ്വയം നഷ്ടപ്പെടുന്നവ .

മുന്നൂറ്ററുപതു ഡിഗ്രിക്കുള്ളില്‍
കാലത്തെ വലിച്ചുനിര്‍ത്തി
തറച്ചുവെക്കുന്നവ.

പ്രണയത്തിനും പിറവിക്കും ,
അമര്‍ച്ചയ്ക്കും അധികാരത്തിനും ,
വിപ്ലവത്തിനും വിസ്ഫോടനത്തിനും ,
മരണത്തിനും മഹാപ്രസ്ഥാനത്തിനും 
മാറിമാറി കൂട്ടിരുന്നവ.

തേഞ്ഞുതീര്‍ന്ന പല്‍ച്ചക്രങ്ങളും
തുരുമ്പെടുത്ത സൂചികളും
അഴിഞ്ഞുവീണ പിരികളും
പോറല്‍ വീണ ചില്ലുകളും
പഴകിപ്പിഞ്ഞിയ കൈപ്പട്ടകളും
ചുറ്റും ചിതറിക്കിടക്കെ,

പെറുക്കിയിണക്കിക്കൊണ്ടേയിരിക്കുന്ന
വിറയാര്‍ന്ന കൈകള്‍ക്കും
മങ്ങിയ കണ്ണുകള്‍ക്കുമിടയില്‍
എപ്പോഴോ വീണുകിട്ടാനിരിക്കുന്ന
ഒരു നേര്‍ത്ത മിടിപ്പായി
സമയം- കാത്തിരിക്കുന്നു,
എവിടെയോ....!

ഒരൊറ്റ വാച്ചും 
കേടുതീര്‍ക്കുന്നിടത്തേക്ക്
നയിക്കപ്പെടാതിരിക്കുന്നില്ല!

ചിലപ്പോള്‍,
ഒരിക്കലും തിരികെയെടുക്കപ്പെടുന്നുമില്ല ..!

Saturday, January 23, 2010

ദിനാന്ത്യക്കുറിപ്പുകള്‍

ഒരു തേങ്ങലിപ്പൊഴും ബാക്കി , മനസ്സിന്‍റെ-
യുറവകള്‍ വറ്റി,യടിത്തട്ടു മാത്രമായ്
ജരിതമാം കാമനകള്‍ പേറുന്ന , വിശ്രാന്തി
തേടിയടങ്ങുന്ന സായന്തനങ്ങളില്‍
ഒരു ചിരായുസ്സിന്‍റെ ഭാഗധേയങ്ങളില്‍
ഒരു തേങ്ങലെവിടെയോ ബാക്കി .

അലറുന്ന യൌവനക്കടലിലായ് വിഭ്രമ-
പ്പറുദീസ തേടുന്ന യാനപാത്രങ്ങളില്‍
അലയുന്നൊരക്കാലമെല്ലാം സിരകളില്‍
നുരയുന്ന ലഹരിയായ്,മദമായ് ,ഒടുങ്ങാത്ത
വീര്യമായ് ആവേശമായ്‌ ജീവകോശങ്ങള്‍
തോറും പ്രണയം തിമര്‍ക്കുന്ന പകലുകള്‍..
വിരലില്‍നിന്നിറ്റു വീഴുന്നൊരാസക്തിതന്‍
മധുരവും രസതീക്ഷ്ണ ഗന്ധ ഭാവങ്ങളും
ആവോളമുള്‍ക്കൊണ്ട രാവുകള്‍, ചുറ്റിനും
തൃഷ്ണ തന്‍ നാളം ജ്വലിച്ച ത്രിസന്ധ്യകള്‍ ..

നേരിന്നകക്കണ്ണ് തെളിയാത്ത മായിക-
ക്കാഴ്ചകള്‍ കമ്പോളമാകുന്ന പെട്ടിതന്‍
ചടുല താളങ്ങളില്‍, നവരസപ്പെരുമഴയി -
ലലിയുന്ന യൌവനത്തിന്‍ വഴക്കങ്ങളില്‍
വിലപേശുവാന്‍ വെച്ച പെണ്മപ്പെരുമ തന്‍
ശബളാരവങ്ങള്‍ നിറഞ്ഞ നട്ടുച്ചകള്‍ ..!

ഭാഷണാഹ്ലാദത്തിനാത്മ രതി നിര്‍വൃതിക-
ളൊരു കൈപ്പിടിക്കുള്ളിലറിയിച്ച പുത്തനാം
യന്ത്ര സംഗീതത്തിലഭിരമിക്കും കേള്‍വി
പിന്‍വിളികളറിയാതെ പോയ സായാഹ്നങ്ങള്‍ ..

മേയുവാന്‍ പലമേടു തേടിയലഞ്ഞോടുവി -
ലൊരു മണല്‍ത്തിട്ടില്‍ തളര്‍ച്ചയാറ്റും വരെ
ഏതോ നിണം കെട്ടിയാടുന്ന താമസ -
വികാര പ്രവാഹങ്ങള്‍ , യാഗാശ്വയാനങ്ങള്‍ ..!

ഏതോ നിഴല്‍ക്കുത്തിനൊടുവിലീ വിസ്മയ-
ക്കാഴ്ചകള്‍ കാത്തുവെച്ചൊരു വയല്‍പ്പക്ഷി തന്‍
നറുതൂവലിന്‍ മൃദു സ്പര്‍ശമായ് , കവിതയായ് ,
ഒരു തേങ്ങലിപ്പൊഴും ബാക്കി .!


Saturday, December 19, 2009



സമകാലികം


ഇതാണിന്നു നാടിന്‍റെ നീറുന്ന പ്രശ്നം;
റിയാലിറ്റി ഷോയില്‍ ജയമാര്‍ക്ക് സ്വന്തം?
അറിഞ്ഞില്ലയെങ്കില്‍ ഇറങ്ങില്ലയന്നം,
അടുക്കില്ല കണ്‍പൂട്ടിയാലി ന്നുറക്കം!

മുറപോലെ പോറ്റി വളര്‍ത്തിയ താരം
വിധി നിര്‍ണയം കാത്തു നില്‍ക്കുന്ന നേരം
മറക്കായ്ക വേണം ജനായത്ത ബോധം ,
വിലപ്പെട്ട വോട്ടിന്‍റെ പൌരാവകാശം !

തിളങ്ങുന്ന താരപ്രഭയാണ് നമ്മള്‍ -
ക്കടുപ്പിന്‍ ചുവട്ടില്‍ എരിയുന്ന നാളം.
വേവിച്ചെടുക്കാന്‍ ശ്രമിക്കുന്നു വാഴ്വിന്‍
വേവലാതിക്കല്ലരിയതിന്‍ ചൂടില്‍!

വംശാധിപത്യ വിരുന്നുണ്ടു തീര്‍ന്നോര്‍
വലിച്ചെറിഞ്ഞോരിലക്കീറിന്നു മുമ്പില്‍
ചടഞ്ഞങ്ങിരിപ്പാണ് സംസ്കാര ശീലര്‍ ,
ചരിത്രം തിരുത്തിക്കുറിക്കാന്‍ തുനിഞ്ഞോര്‍!

'ചാറ്റിന്‍' മഴയില്‍ നനഞ്ഞോലിക്കുമ്പോള്‍
ചാനല്‍ക്കുടകള്‍ ക്ഷണിക്കുന്നു നമ്മെ .
ആകെ നനഞ്ഞാല്‍ കുളിരില്ല മേലില്‍,
ആരും വിരല്‍ചൂണ്ടി നില്‍ക്കില്ല മുന്നില്‍!

കോടീശ്വരന്മാര്‍ നമുക്കാണനേകം ,
ചേരിപ്പെരുപ്പത്തിലാര്‍ക്കെന്തു ചേതം?
ഫോറിന്‍ വിഷച്ചണ്ടി വാങ്ങിച്ചമച്ചു
കാളുന്ന കുഞ്ഞിന്‍ വിശപ്പാറ്റി നമ്മള്‍!

ദേശപ്രരൂപം കറുപ്പോ വെളുപ്പോ?
ദേശാഭിമാനം തിളക്കുന്നു നമ്മില്‍!
നാടിന്‍റെ മാനം പെരുക്കുവാനല്ലോ
മുടങ്ങാതെ ഹര്ത്താല് നോല്‍ക്കുന്നു നമ്മള്‍!
----------------------------------