പെണ്ണ്
അബലയെന്നോതിയിന്നരുതുകൾ കൊണ്ടെന്റെഅതിരുകൾ തീർക്കല്ലെ നിങ്ങൾ
വരികെന്നു ചൊല്ലി വിളിക്കുന്നു പുലരികൾ
തരികെന്റെ ചിറകുകൾ തിരികെ ,
തരികെന്റെ ചിറകുകൾ തിരികെ !
പുരുഷന്റെ പാതി ഞാൻ , പ്രകൃതി , ഉയിർ തന്നൊ -
രമ്മ , ആദ്യാക്ഷരമായവൾ
ഉടലിന്റെ പൊരുളറിഞ്ഞിണ ചേർന്നു , കാലമാം
തേരിന്റെ ചക്രം തിരിച്ചവൾ !
പുരുഷന്റെ ഒരു വെറും നിഴലല്ല , തോളോടു
തോൾ ചേർന്നു നിന്നവൾ പെണ്ണ് !
അന്നവും വസ്ത്രവും അധ്വാന ഭാരവും
ജീവനും പങ്കിട്ട പെണ്ണ്!
ഇതു ചരിത്രത്തിന്റെ വികൃതി , പെണ്ണിന്നെ
അടിമയായ് മാറ്റിയ നിയതി !
മാനവ സംസ്കൃതി തന്റെ വഴികളിൽ
മാപ്പു നൽകാത്തൊരനീതി !
പൊന്നിന്റെ പൊങ്ങച്ചമല്ല , പട്ടിൻ പകി -
ട്ടല്ല മോഹിക്കുന്നു പെണ്ണ്
ഉടലിന്നു മറതീർക്കുമൊരു തുണ്ടു ചേലയും
ഒരു കുടക്കീഴിന്റെ തണലും !
ഒളിനോട്ടമില്ലാത്ത പകലും , ഭീതിതൻ
നിഴലുകളനങ്ങാത്തൊരിരവും ,
ഒരു നൂറു കനവിന്റെ തിരികൾ തെളിക്കുവാൻ
ഒരു കൊച്ചു കൈത്തിരി നാളവും .
നാട്ടുവഴികളിൽ , ഓടുന്ന വണ്ടിയിൽ
വീട്ടിന്നകങ്ങളിൽ , വിദ്യാലയങ്ങളിൽ
ഇരതേടിയെത്തുന്ന കഴുകന്നു മുന്നിലേ -
ക്കെറിയല്ലെ ഇനിയൊരു മകളെയൊരിക്കലും !
ഇനിമേലിൽ നൽകില്ല വാണിഭച്ചന്തയിൽ
വിലപേശി വിൽക്കുവാനൊരു പെണ്‍ ശരീരവും ...
ഇനി നമ്മളുണരണം , കൈകോർത്തുയർത്തണം
പെണ്ണിന്റെ മാനങ്ങൾ കാക്കുന്ന കോട്ടകൾ ......!
പെണ്ണാണിവൾ , മൃഗമല്ലെന്നു കാണുവാൻ
ആണായ മക്കൾക്കു കണ്ണുകൾ നൽകുവിൻ ;
അന്യന്റെ പെണ്ണിന്റെ അന്തസ്സു കാക്കുവാൻ
നെഞ്ചുറപ്പുള്ളൊരാണ്‍ മക്കളോടോതുവിൻ ......!
"യത്ര നാര്യസ്തു പൂജ്യന്തേ ,
രമന്തേ തത്ര ദേവതാ :"
[ഈ കവിതയുടെ ഗാനാവിഷ്കാരം കേൾക്കൂ:https://www.youtube.com/watch?v=wD_Ii9AVm_w ]