Pages
ഞാന്‍
Saturday, February 23, 2013
Thursday, February 21, 2013
മുരിക്കഞ്ചേരി കേളുവും മൂന്നു ചരിത്രാന്വേഷകരും
ആരാണീ മുരിക്കഞ്ചേരി കേളു? ഉറുമി എന്ന സിനിമയില്‍ പൃഥ്വിരാജ് നടിച്ച കഥാപാത്രംഎന്ന് പരിചയപ്പെടുതുന്നതായിരിക്കും എളുപ്പം. പക്ഷെ ചരിത്രം വളച്ചൊടിച്ച ആ സിനിമക്കും അപ്പുറത്ത് മുരിക്കഞ്ചേരി കേളു എന്ന വീര ഭടനെ അറിയുന്നവര്‍ ചുരുക്കം.
അവഗണിക്കപ്പെട്ടു കിടക്കുന്ന അദ്ദേഹത്തിന്റെ കല്ലറയില്‍ മൂന്നു ചരിത്ര കുതുകികള്‍ നടത്തിയ ഒരു സാഹസിക സന്ദര്‍ശനമാണ് ഇനിയങ്ങോട്ടുള്ള വിവരണം. ചരിത്രത്തിലും സാഹസികതയിലും താല്പര്യം ഇല്ലാത്തവര്‍ക്ക് വേറെ പേജ് നോക്കാവുന്നതാണ് .
ചരിത്രാന്വേഷക നമ്പര്‍ 1: നവനീത, വയസ്സ് 14
ചരിത്രാന്വേഷക(ന് ) നമ്പര്‍ 2: വിഹായസ് , വയസ്സ് 11
ചരിത്രാന്വേഷക നമ്പര്‍ 3 : ഞാന്‍
ലൊക്കേഷന്‍ : പയ്യാമ്പലം ബീച്ച് പരിസരം , കണ്ണൂര്‍
തിയ്യതി : 2013 ജനുവരി 27
ഫ്ലാഷ് ബാക്ക് : 16-)o നൂറ്റാണ്ടില്‍ ചിറക്കല്‍ രാജാവിന്റെ പടനായകനായിരുന്നു മുരിക്കഞ്ചേരി കേളു നായനാര്‍ . വാസ്കോ ഡ ഗാമയോട് കടുത്ത ശത്രുതയിലായിരുന്നു അദ്ദേഹം . ചിറക്കല്‍ സ്വരൂപവുമായുള്ള ഗാമയുടെ ബന്ധത്തിന് എതിരുനിന്നയാള്‍ .
1524ല്‍ മലേറിയ പിടിപെട്ടാണ് ഗാമ മരിച്ചതെന്ന് ചിലരും , അതല്ല കേളുവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതാണെന്ന് ഉറുമി സിനിമയും പറയുന്നു. അതെന്തായാലും , മുരിക്കഞ്ചേരി കേളുവിന്റെ അന്ത്യവും വീരോചിതമായിരുന്നു . പയ്യാമ്പലത്ത് ഏഴടി നീളമുള്ള ഒരു കല്ലറയിലാണ് ആ ചരിത്രപുരുഷന്റെ നിത്യ നിദ്ര . ആറടി നീളമുണ്ടായിരുന്ന കേളു നായനാര്‍, ഒരടി നീളമുള്ള വാള് പിടിച്ചു കൈ മുന്നോട്ടു നീട്ടി കിടന്ന അതേ അവസ്ഥയിലാണത്രേ അടക്കം ചെയ്യപ്പെട്ടത് . ഈ പുരാതന കല്ലറ ഇപ്പോള്‍ അറിയപ്പെടാതെ കാടുമൂടി മറഞ്ഞു കിടക്കുകയാണ് - ഇത്രയുമാണ് ഞാന്‍ കേട്ടറിഞ്ഞ ചരിത്രത്തിന്റെ ചുരുക്കം .
അന്ന് തൊട്ടു തുടങ്ങി, ആ കല്ലറ ഒന്ന് കാണാന്‍ അതിയായ കൌതുകം . ഓരോ തവണയും പയ്യാമ്പലം ബീച്ചില്‍ പോകുമ്പോള്‍ അതിനായി ആഗ്രഹം പ്രകടിപ്പിക്കാറുണ്ടെങ്കിലും ഇത് വരെ നടന്നില്ല . ഇന്ന് രണ്ടും കല്പ്പിച്ചു ടൂ വീലറും എടുത്തു ഒരുങ്ങിഇറങ്ങി .
പയ്യാമ്പലത്താണെങ്കില്‍ ശവ കുടീരങ്ങള്‍ക്ക് ഒരു പഞ്ഞവുമില്ല ! പലപല കൊടിക്കീഴിലായി പരേതര്‍ അങ്ങനെ നിരന്നു കിടന്നു നമ്മളെ കാണുകയാണ്!!! ഈ പ്രളയത്തിനിടയില്‍ ഒരു പാര്‍ടിയിലും പെടാത്ത കേളു നായനാരെ അവകാശപ്പെടാന്‍ ആരുണ്ട്?
എങ്കിലും ചരിത്രാന്വേഷണം അങ്ങനെ പെട്ടെന്നു നിര്‍ത്താന്‍ പറ്റുന്നതല്ലല്ലോ .
അന്വേഷണത്തിനൊടുവില്‍ അറിഞ്ഞു, ശ്മശാനത്തിന് ഉള്ളിലല്ല , പുറത്തു റോഡരികില്‍ എവിടെയോ ആണ് ആ പുരാതന കല്ലറ എന്ന്. അതിനടുത്തായി ഒരു ആല്‍ത്തറയും കാണാമത്രെ . അന്വേഷണം പിന്നെയും നീണ്ടു. ഒടുവില്‍ ആല്‍ത്തറ കണ്ടു പിടിച്ചു. അതിനടുത്തു വണ്ടി നിര്‍ത്തി , തൊട്ടടുത്ത വളപ്പില്‍ കണ്ട ഒരു വീട്ടുകാരിയോട് തിരക്കി. ആവശ്യം അറിഞ്ഞപ്പോള്‍ അവരുടെ മുഖത്ത് വിരിഞ്ഞ വികാരം വിവരണാതീതം ! , ഡ്രാക്കുളക്കോട്ട അന്വേഷിച്ച ജോനാതനെ അന്നാട്ടുകാര്‍ നോക്കിയ അതേ നോട്ടത്തോടെ അവര്‍ ചോദിച്ചു :" നിങ്ങള്‍ അപ്പൊ കേളുവിന്റെ കല്ലറ കാണാന്‍ പോകാന്‍ തന്നെ തീരുമാനിച്ചോ ?" "എന്തേ , വല്ല പ്രശ്നവും ഉണ്ടോ " എന്ന് ഞാന്‍ ."ഒന്നുമില്ല, ഞാന്‍ പത്തു പതിനെട്ടു കൊല്ലമായി ഇവിടെ . ഇതുവരെ ആ കല്ലറ നില്ക്കുന്ന കുന്നിന്‍പുറത്ത് പോയിട്ടില്ല. നിങ്ങള്‍ പോകുന്നതൊക്കെ കൊള്ളാം . പക്ഷെ അവിടെ അത്ര നല്ല സ്ഥലമല്ല..."
അവര്‍ വീട്ടിനുള്ളിലേക്ക് കയറിപ്പോയി . ചരിത്രാന്വേഷകര്‍ മിണ്ടാതെ മുഖത്തോട് മുഖം നോക്കി , പുരികം കൊണ്ട് ആശയവിനിമയം നടത്തി. ഒടുവില്‍ വണ്ടി തിരിച്ചു.
കല്ലറ നില്ക്കുന്ന സ്ഥലം റോഡില്‍ നിന്ന് കുറച്ചു ഉയരത്തിലാണ് . കയറാന്‍ പടികള്‍ ഒന്നുമില്ല. മരത്തിന്റെ വേരുകളില്‍ പിടിച്ചു ഒരു വിധം വലിഞ്ഞു മുകളിലോട്ടു കയറി. കരിയില വീണു മൂടിയും കാട് പിടിച്ചും കിടക്കുന്ന വീതി കുറഞ്ഞ നടവഴിയിലൂടെ മുന്നോട്ട് . കാലില്‍ പിടിച്ചു നിര്‍ത്തുന്ന കാട്ടു വള്ളികള്‍ .ഒടുവില്‍ കുറുകേയുള്ള ഇടിഞ്ഞു പൊളിഞ്ഞ ഒരു നീണ്ട മതിലിനടുത്ത് വഴി അവസാനിച്ചു . കല്ലറ പോയിട്ട് കറ പോലും കാണാനില്ല!
. ചുറ്റും തിരഞ്ഞു. അപ്പോഴാണ് ചരിത്രാന്വേഷക നമ്പര്‍ 1 ന്റെ നീട്ടിയ കൂവല്‍ കേട്ടത്. പെങ്കൊച്ചിനെ വ ല്ല ഇഴജന്തുവും കടിച്ചോ, അതോ കേളുവിന്റെ പ്രേതം വന്നു കൂടിയോ എന്ന് ചോദിയ്ക്കാന്‍ ഒരുങ്ങുമ്പോഴേക്കും അവള് വിരല്‍ ചൂണ്ടി- ആ മതിലിനു ഒത്ത നടുക്കായി ഒരു ചെറിയ ഓട്ടു വിളക്ക് .
അപ്പോള്‍ ഇത് താന്‍ മുരിക്കഞ്ചേരി കേളുവിന്റെ കല്ലറ !!! ആ വിളക്കല്ലാതെ മറ്റൊരു അടയാളവും ഇല്ല , അതൊരു കല്ലറയാണ് എന്നു മനസ്സിലാക്കാന്‍ .
ഞങ്ങള്‍ ആ മഹാ പുരുഷന് പ്രണാമം അര്പിച്ചു തിരിച്ചിറങ്ങി
അങ്ങനെ ആ സാഹസിക യാത്ര ലക്ഷ്യം കണ്ടതിന്റെ സന്തോഷത്തിലാണ് ഈ മൂന്നു വിനീത ചരിത്രാന്വേഷകര്‍ .
മുരിക്കഞ്ചേരി കേളു നായനാര്‍ കാത്തിരിക്കുന്നു അടുത്ത സന്ദര്‍ശകരെ . അത് നിങ്ങളാണോ?
Subscribe to:
Posts (Atom)