മുതലവേട്ടക്കാരന്
(സ്റ്റീവ് ഇര്വിന് ഒരു ചരമക്കുറിപ്പ് )
കാടു വീടാക്കി മാറ്റിയോന്‍
കൂടു തേടിയലഞ്ഞവന്‍
കാടിന്നോമനകള്‍ക്കു തന്
കൈകളെ തൊട്ടിലാക്കിയോന്‍
ഹിംസ്രജന്തുക്കള്‍ തന് കളി-
ത്തോഴനായ് ഉല്ലസിച്ചവന്‍
ഉഗ്രജാതിയെപ്പോലുമേ
തന് കളിപ്പാട്ടമാക്കിയോന്‍
ഞങ്ങള്‍ ദൂരത്തിരുന്നു നിന്
കൌതുകം പങ്കു വെച്ചവര്‍
നിന്റെ കൂസലില്ലായ്മകള്‍
കണ്ടു വിസ്മയം പൂണ്ടവര്‍
മുതലവേട്ട തന് സാഹസ -
ക്കാഴ്ച കണ്ടാസ്വദിച്ചവര്‍
നിന്നമാനുഷ ഗാഥകള്‍
കേട്ടു കോരിത്തരിച്ചവര്‍
നിന്റെയാശ്ചര്യ ഭാഷണം
ഭാവമേറ്റം രസാവഹം
ചിറകടിക്കുന്ന പറവ പോല്‍
ചടുലമാം നിന്റെയാംഗികം
എത്രയോ വട്ടമാപത്തു
തൊട്ടു പിന്മാറി നിന്നുടല്‍
പുഞ്ചിരിക്കൊണ്ടു നീയെന്നും
നെഞ്ചിടിപ്പേറ്റി ഞങ്ങളില്‍!
സ്നേഹ ദൌത്യങ്ങളായി നിന്
വേട്ടകള്‍ പോലുമൂഴിയില്‍
കരുണയോടേകി സാന്ത്വനം
വേദനിക്കുന്നവക്കു നീ
മറഞ്ഞുനിന്നുകൊണ്ടെങ്ങോ
മരണം മാടി വിളിക്കവേ
മറ്റൊരാഹ്ലാദ വേട്ടക്കായ്
ചെന്നൂ പതിവുപോലെ നീ
മരണമറ്റ നിനക്കുടല്‍
വെടിയുവാന്‍ വന്ന ഹേതുവായ്
കാത്തു നിന്നൂ വിഷച്ചെപ്പു -
മേന്തിയാ ജലകന്യക
നിര്‍ഭയം നീന്തിയെത്തി നീ
ആഞ്ഞു പുല്കാന് തുനിയവെ
പരിഭവിച്ചവള്‍ ചെയ്തൊരാ
കുസൃതിയല്‍പ്പം കവിഞ്ഞതോ?
ഉടലിന് കൂടുവിട്ടു നീ
ജല സമാധി വരിച്ചതോ?
കടലിന്നാഴത്തില്‍ നീ സ്വയം
കുരുതിയര്‍പ്പിച്ചു പോയതോ?
കാത്തിരിക്കുന്നു കാതങ്ങള്‍
ദൂരത്തായ് ഞങ്ങളിപ്പോഴും !
വേട്ടതന്‍ വര്‍ത്തമാനങ്ങള്‍
പങ്കിടാനെത്തുമെന്നു നീ? !