സമകാലികം
ഇതാണിന്നു നാടിന്‍റെ നീറുന്ന പ്രശ്നം;
റിയാലിറ്റി ഷോയില്‍ ജയമാര്‍ക്ക് സ്വന്തം?
അറിഞ്ഞില്ലയെങ്കില്‍ ഇറങ്ങില്ലയന്നം,
അടുക്കില്ല കണ്‍പൂട്ടിയാലി ന്നുറക്കം!
മുറപോലെ പോറ്റി വളര്‍ത്തിയ താരം
വിധി നിര്‍ണയം കാത്തു നില്‍ക്കുന്ന നേരം
മറക്കായ്ക വേണം ജനായത്ത ബോധം ,
വിലപ്പെട്ട വോട്ടിന്‍റെ പൌരാവകാശം !
തിളങ്ങുന്ന താരപ്രഭയാണ് നമ്മള്‍ -
ക്കടുപ്പിന്‍ ചുവട്ടില്‍ എരിയുന്ന നാളം.
വേവിച്ചെടുക്കാന്‍ ശ്രമിക്കുന്നു വാഴ്വിന്‍
വേവലാതിക്കല്ലരിയതിന്‍ ചൂടില്‍!
വംശാധിപത്യ വിരുന്നുണ്ടു തീര്‍ന്നോര്‍
വലിച്ചെറിഞ്ഞോരിലക്കീറിന്നു മുമ്പില്‍
ചടഞ്ഞങ്ങിരിപ്പാണ് സംസ്കാര ശീലര്‍ ,
ചരിത്രം തിരുത്തിക്കുറിക്കാന്‍ തുനിഞ്ഞോര്‍!
'ചാറ്റിന്‍' മഴയില്‍ നനഞ്ഞോലിക്കുമ്പോള്‍
ചാനല്‍ക്കുടകള്‍ ക്ഷണിക്കുന്നു നമ്മെ .
ആകെ നനഞ്ഞാല്‍ കുളിരില്ല മേലില്‍,
ആരും വിരല്‍ചൂണ്ടി നില്‍ക്കില്ല മുന്നില്‍!
കോടീശ്വരന്മാര്‍ നമുക്കാണനേകം ,
ചേരിപ്പെരുപ്പത്തിലാര്‍ക്കെന്തു ചേതം?
ഫോറിന്‍ വിഷച്ചണ്ടി വാങ്ങിച്ചമച്ചു
കാളുന്ന കുഞ്ഞിന്‍ വിശപ്പാറ്റി നമ്മള്‍!
ദേശപ്രരൂപം കറുപ്പോ വെളുപ്പോ?
ദേശാഭിമാനം തിളക്കുന്നു നമ്മില്‍!
നാടിന്‍റെ മാനം പെരുക്കുവാനല്ലോ
മുടങ്ങാതെ ഹര്ത്താല് നോല്‍ക്കുന്നു നമ്മള്‍!----------------------------------